കൂടരഞ്ഞി: കക്കാടംപൊയിൽ താഴേകക്കാട് കോളനിയിൽ ഷോക്കേറ്റ് മരിച്ച ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. പ്രതി കൂമ്പാറ ബസാർ സ്വദേശി ചക്കാലപ്പറമ്പിൽ ഷെരീഫ് (48) അറസ്റ്റിലായി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് കരിങ്ങാതൊടി രാജന്റെ ഭാര്യ രാധികയെ (38) കൃഷിസ്ഥലത്തെ ഷെഡിന് മുന്നിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടത്. മൃതശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ടായിരുന്നു.
എട്ടു വർഷത്തോളമായി രാധികയും ഷെരീഫും ഒരുമിച്ചാണ് അകമ്പുഴയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വാഴകൃഷി ചെയ്തത്. പണം ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചു.
അന്ന് ഇരുവരും നന്നായി മദ്യപിച്ചിരുന്നു.മദ്യലഹരിയിൽ ഷെരീഫിന്റെ കഴുത്തിൽ രാധിക പിടിമുറുക്കി.ഓടി രക്ഷപ്പെട്ട ഷരീഫ് തിരിച്ചെത്തിയപ്പോൾ മദ്യലഹരിയിൽ നിലത്തുകിടക്കുന്ന രാധികയെയാണ് കണ്ടത്. വൈദ്യുത മീറ്ററിൽ വയർ ഘടിപ്പിച്ച് രാധികയുടെ കൈയിൽ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി.
മൃതദേഹം ഷെഡിന് മുൻവശത്തു കൊണ്ടുവന്ന് കരഞ്ഞു ബഹളംവച്ച് ആളെ കൂട്ടുകയായിരുന്നു. അയൽവാസികളും തൊട്ടടുത്ത് ക്യാമ്പ് നടത്തുകയായിരുന്ന കർമ്മ ഓമശ്ശേരിയുടെ പ്രവർത്തകരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടെ പോകാതെ മാറിനിന്ന ഷെരീഫിനെ അന്നുതന്നെ നാട്ടുകാർ സംശയിച്ചിരുന്നു. നാട്ടുകാരുടെ നിർബന്ധംമൂലം വാഹനത്തിൽ കയറിയ ഷെരീഫ് സമനില നഷ്ടപ്പെട്ട രീതിയിൽ സംസാരിച്ചത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
കോഴിക്കോട് റൂറൽ എസ്.പി ജി. ജയദേവിന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി ഡിവൈ.എസ്.പി.പി.ബിജുരാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. താമരശ്ശേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.