ന്യൂഡൽഹി: അലോക് വർമ്മയെ നീക്കിയ ഉന്നാതികാര സമിതി അംഗമായിരുന്ന സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ.സിക്രിയെ കോമൺവെൽത്ത് സെക്രട്ടേറിയറ്റ് ആർബിട്രൽ ട്രൈബ്യൂണലിലേക്ക് കേന്ദ്ര സർക്കാർ നാമ നിർദ്ദേശം ചെയ്തു. എന്നാൽ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് സിക്രി വിസമ്മതം അറിയിച്ചതായാണ് വിവരം. വാർത്ത എജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട നാമനിർദ്ദേശം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നാല് വർഷത്തെ കാലവധിയിലാണ് നിയമനം. ഈ വർഷം മാർച്ച് ആറിനാണ് ജസ്റ്റിസ് സിക്രി സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്നത്. കോമൺവെൽത്ത് സെക്രട്ടേറിയറ്റിന്റെ 2005ലെ ധാരണപ്രകാരം സ്ഥാപിതമായ സമിതിയാണ് കോമൺവെൽത്ത് സെക്രട്ടേറിയറ്റ് ആർബിട്രൽ ട്രൈബ്യൂണൽസ്. ഒരു പ്രസിഡന്റും എട്ട് അംഗങ്ങളും അടങ്ങുന്നതാണ് ട്രൈബ്യൂണലിന്റെ ഘടന. മൂന്നംഗ ഉന്നതാധികാര സമിതി അംഗമായിരുന്ന സിക്രിയുടെ നിലപാടാണ് അലോക് വർമ്മയ്‌ക്കെതിരായ നടപടിയിൽ നിർണായകമായത്.