തിരുവനന്തപുരം : ഇന്ത്യ എ ടീമിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ട് ലയൺസ് ടീം തിരുവനന്തപുരത്തെത്തി. 20 ന് ഇന്ത്യ എ ടീം എത്തും. ഇംഗ്ലണ്ട് ലയൺസ് ടീം ഇന്ന് മുതൽ 17 വരെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്തും.
ഇന്ത്യ എ ടീമിനെതിരെയുള്ള അഞ്ച് ഏകദിനങ്ങളുടെ പരമ്പര 23ന് ആരംഭിക്കും. ഏകദിന മത്സരങ്ങള്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലും ചതുർദിന മത്സരം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലും നടക്കും. ഏകദിന മത്സരങ്ങൾ ജനുവരി 23, 25, 27, 29, 31 എന്നീ ദിവസങ്ങളിലും ചതുർദിന മത്സരം ഫെബ്രുവരി ഏഴു മുതൽ 10 വരെയുമാണ് നടക്കുക.
18, 20 തീയതികളിൽ ഇംഗ്ലണ്ട് ലയൺസ് ടീമും ബോർഡ് പ്രസിഡന്റ്സ് ഇലവനും തമ്മിലുള്ള വാം അപ്പ് മാച്ചുകളും സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കും. . 21 ന് ഇന്ത്യ എ ടീമിന്റെ പരിശീലനം സെന്റ് സേവ്യേഴ്‌സിലും 22 ന് ഇന്ത്യ എ ടീമിന്റയെും ഇംഗ്ലണ്ട് ലയണ്‍സിന്റെയും പരിശീലനം സ്‌പോര്‍ട്‌സ് ഹബ്ബിലും നടക്കും.ചതുർദിന മത്സരത്തിനുള്ള ഇരു ടീമുകളുടെയും പരിശീലനം ഫെബ്രുവരി രണ്ടിനും വാം അപ്പ് മാച്ചുകള്‍ 3,4 തീയതികളിലും സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കും. അഞ്ചിന് കോഴിക്കോടേയ്ക്ക് പുറപ്പെടുന്ന ഇംഗ്ലണ്ട് ലയണ്‍സ് ടീം ആറിന് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.
പൊതുജനങ്ങള്‍ക്ക് സൗജന്യമായി മത്സരം കാണാനാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. മത്സരം കാണാനെത്തുന്നവര്‍ക്ക് ഒന്നാം നമ്പര്‍ ഗേറ്റിലൂടെ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം. എ, ജെ എന്നീ സെക്ടറുകള്‍ പൊതുജനങ്ങള്‍ക്കായി മത്സരം കാണാന്‍ ഉപയോഗിക്കാം. കളര്‍ വസ്ത്രങ്ങളും വൈറ്റ് ബോളുമാണ് 50 ഓവര്‍ ഏകദിന മത്സരങ്ങള്‍ക്കായി ഉപയോഗിക്കുക. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല. ഏകദിന മത്സരങ്ങള്‍ 9 മണിക്ക് ആരംഭിക്കും