ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ അരവിന്ദ് കെജ്‌രിവാൾ മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പാർട്ടി വക്താവ്. ഡൽഹിയുടെ ഭരണകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന് ആം ആദ്മി പാർട്ടി വക്താവ് സഞ്ജയ് സിങ് വ്യക്തമാക്കി.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആംആദ്മി വരണാസിയിൽ ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. ഡൽഹിയുടെ ഭരണത്തിൽ അരവിന്ദ് കെജ്‌രിവാൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുകയാണ്. ഡൽഹി, പഞ്ചാബ്, ഗോവ,ഹരിയാന, എന്നിവിടങ്ങളിടെ സീറ്റുകളിലും ഉത്തർപ്രദേശിലെ ചിലയിടത്തും ആംആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. മാത്രമല്ല പാർട്ടിക്ക് ശക്തിയുള്ള സ്ഥലങ്ങളിലെല്ലാം മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്നും രാജ്യസഭ എം.പി കൂടിയായ സഞ്ജയ് സിങ് പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിന് പുറമെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും തൊഴിലില്ലാഴ്മ അവസാനിപ്പിക്കാനും പാർട്ടി പ്രവർത്തിക്കും. ഡൽഹിയിൽ വിദ്യാഭ്യാസ-ആരോഗ്യ-കാർഷിക മേഖലകളുടെ വികസനവും കുടിവെള്ളം പോലുള്ള അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ശ്രമിക്കും. സൗജന്യ വിദ്യഭ്യാസവും ഉറപ്പുവരുത്തുനാണ് പാർട്ടി തീരുമാനമെന്നും സഞ്ജയ് സിങ് വിശദമാക്കി.