cinema

മലയാള സിനിമയുടെ പ്രിയ താരങ്ങളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഫാൻസുകളുടെ വാക്പോരിനെതിരെ നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. താൻ മോഹൻലാലിന്റെ കടുത്ത ആരാധകനാണെന്നും സ്ഫടികത്തിലെ അഭിനയം കണ്ടാണ് അഭിനയമോഹവുമായാണ് സിനിമയിലേക്ക് വന്നതെന്നും ഇക്കാര്യം മമ്മൂക്കയ്ക്ക് അറിയാമെന്നുമുള്ള കാര്യം ഉണ്ണി മുകുന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഈ വെളിപ്പെടുത്തലിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ ഇരു താരങ്ങളുടെയും ആരാധകർ വാക്പോര് നടത്തിയിരുന്നു. തുടർന്നാണ് ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദൻ തന്റെ പ്രതികരണം അറിയിച്ചത്. സിനിമയുടെ യാതൊരുവിധ പാരമ്പര്യവും ഇല്ലാതെ എത്തിയ എനിക്ക് അറിവിന്റെ, അനുഭവത്തിന്റെ പാഠപുസ്തകങ്ങൾ ആയി എന്നും കൂടെ ഉണ്ടായിരുന്നത് മമ്മുക്കയും ലാലേട്ടനും ആണ്. ഇവരുടെ കഥാപാത്രങ്ങളെ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് ഞാനും എന്റെ സിനിമ ജീവിതം തുടങ്ങിയത്. എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ ചില കാര്യങ്ങൾ എന്നെ വിഷമിപ്പിച്ചെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

ഞാൻ ആരുടെ ഫാനാണ് എന്ന തരത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കാണുന്ന അനാരോഗ്യകരമായ സംഭാഷണങ്ങളും വ്യക്തി ഹത്യകളും ഒരിക്കലും അംഗീകരിക്കാൻ ആവില്ല. രണ്ടുപേരും എന്നെ സ്വാധീനിച്ച വ്യക്തികളാണ്. യാതൊരുവിധ വേർതിരിവും ഇവരോട് എനിക്കില്ല.നമ്മുടെ ഇടയിലെ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് അഭിമാനമായ ഈ കലാകാരന്മാരെ നമുക്ക് വലിച്ചിഴക്കാതെ ഇരിക്കാം. ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവം തന്നെ വേദനിപ്പിച്ചെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.