ബദാം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും ഉത്തമമാണ്. ഇതിലുള്ള ഫോസ്ഫറസ് അവരുടെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. ബദാം ചേർത്ത് തയാറാക്കിയ പാൽ കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തും. ഇതിലുള്ള ആന്റിഓക്സിഡന്റുകൾ ശരീരകോശങ്ങളെ നശിപ്പിക്കുന്ന റാഡിക്കലുകളെ പ്രതിരോധിക്കും.
തലച്ചോറിന്റെ വളർച്ച , ബുദ്ധിശക്തി, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്താൻ ബദാം ഗുണപ്രദമാണ്. ഇതിലെ എൽ കാർട്ടിനൈൻ, റൈബോഫ്ളേവിൻ എന്നിവ തലച്ചോറിന്റെയും നാഡികളുടെയും വികാസത്തിന് സഹായിക്കും. മാംഗനീസ്, കോപ്പർ, റൈബോഫ്ളേവിൻ എന്നിവ കുട്ടികളെ ഊർജ്ജസ്വലരാക്കുന്നു.
കുഞ്ഞുങ്ങളിലെ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ബദാം സഹായിക്കും. ഇതിലുള്ള നാരുകൾ ദഹനപ്രക്രിയ സുഗമമാക്കും. ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ തടയും. ബദാമിലെ കോപ്പർ, അയൺ, വൈറ്റമിൻ എന്നിവ ഹീമോഗ്ലോബിൻ നില മെച്ചപ്പെടുത്തുകയും വിളർച്ചയെ പ്രതിരോധിക്കുകയും ചെയ്യും. ബദാമിലുള്ള പ്രോട്ടീൻ കുഞ്ഞുങ്ങളുടെ മസിലുകൾക്ക് ഉറപ്പു നൽകും.