cricket

അഡ്‌ലെയ്ഡ്: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരം ഇന്ന് അഡ്‌ലെയ്ഡിൽ നടക്കും. ഇന്ത്യൻസമയം രാവിലെ 8.50 മുതലാണ് മത്സരം. സിഡ്നിയിൽ നടന്ന ആദ്യ മത്സരം 34 റൺസിന് ജയിച്ച ആസ്ട്രേലിയ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ആതിഥേയർക്ക് മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര സ്വന്തമാക്കാം. അതേസമയം മറുവശത്ത് ഇന്ത്യയ്ക്ക് പരമ്പരയിൽ പ്രതീക്ഷ നിലനിറുത്താൻ ഇന്ന് വിജയം അത്യാവശ്യമാണ്. ടെസ്റ്റിൽ ചരിത്ര പരമ്പര നേട്ടം സ്വന്തമാക്കിയതിന്റെ ആത്മ വിശ്വാസത്തിൽ ആദ്യ ഏകദിനത്തിൽ ആസ്ട്രേലിയയെ നേരിട്ട ഇന്ത്യ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെയും എം.എസ്.ധോണിയുടെ അർദ്ധ സെഞ്ച്വറിയുടെയും പിൻബലത്തിൽ പൊരുതിനോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനാകാതെ ഇടറി വീഴുകയായിരുന്നു.

തിരിച്ചടിക്കാൻ ഇന്ത്യ

ആദ്യ മത്‌സരത്തിൽ തോറ്രെങ്കിലും ഒരു കാരണവശാലും ഇന്ത്യൻ ടീമിനെ എഴുതിത്തള്ളാനാവില്ല. ഏതു സമയം മികച്ച തിരുച്ചുവരവ് നടത്താൻ കഴിയുന്ന പ്രതിഭാധനരുടെ സംഘമാണ് കൊഹ്‌ലിപ്പട. കഴിഞ്ഞ മത്സരത്തിൽ മൂന്ന് മുൻനിര വിക്കറ്രുകൾ തുടക്കത്തിലെ വീണെങ്കിലും അവസാനം വരെ പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയത്. കഴിഞ്ഞ മത്സരത്തിലും സെ‌ഞ്ച്വറിയുമായി മികച്ച ബാറ്രിംഗ് തുടരുന്ന രോഹിത് ശർമ്മയുടെ ഫോം ഇന്ത്യയുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. പരിചയ സമ്പന്നനായ ധോണിയുടെ സാന്നിധ്യവും ടീമിന് മുതൽക്കൂട്ടാണ്. നായകൻ കൊഹ്‌ലി,ഓപ്പണർ ധവാൻ, റായ്ഡു എന്നിവർ സിഡ്നിയിൽ പരാജയമായിരുന്നെങ്കിലും ഇന്ന് ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.ദിനേഷ് കാർത്തിക്കിന് പകരം കേദാർ കളിച്ചേക്കും.

ആദ്യ ഏകദിനത്തിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാതിരുന്ന ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ ചില മാറ്റങ്ങൾ വന്നേക്കും. കഴിഞ്ഞ മത്സരത്തിൽ ഏറെ റൺസ് വഴങ്ങിയ ഖലീൽ അഹമ്മദ് പുറത്തിരിക്കേണ്ടി വന്നേക്കും. യൂസ്‌വേ‌ന്ദ്ര ചഹാലൊ, സിദ്ധാർത്ഥ് കൗളോ ടീമിലിടം നേടാൻ സാധ്യതയുണ്ട്. സസ്പെൻഷനിലായ ഹാർദ്ദിക് പാണ്ഡ്യയ്ക്കും കെ.എൽ രാഹുലിനും പകരം ടീമിലിടം നേടിയ വിജയ് ശങ്കർ, ശുഭം ഗിൽ എന്നിവരിൽ ആർക്കെങ്കിലും ഇന്നവസരം ലഭിക്കാൻ സാധ്യതയുണ്ട്. ആൾറൗണ്ടറായ വിജയ് ശങ്കറിന് അവസാന ഇലവനിൽ അവസരം ലഭിക്കാൻ സാധ്യതയേറെയുണ്ട്.

ജയിക്കാൻ ആസ്ട്രേലിയ

പരമ്പരയിൽ മുന്നിൽക്കയറാനായതിന്റെ മുൻതൂക്കത്തിലാണ് ആസ്ട്രേലിയ ഇറങ്ങുന്നത്. പ്രതിസന്ധിയിലൂടെ പൊയ്ക്കൊണ്ടിരിക്കുന്ന നിലവിലെ ലോകചാമ്പ്യൻമാർക്ക് കഴിഞ്ഞ മത്സരത്തിലെ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അവസാനം കളിച്ച ഇരുപത്തിമൂന്ന് മത്സരങ്ങളിൽ ആസ്ട്രേലിയയുടെ മൂന്നാ മാത്രം ജയമായിരുന്നു അത്. സിഡ്നിയിൽ നാല് വിക്കറ്ര് നേടി വിജയ ശില്പിയായ റിച്ചാർഡ്സണാണ് അവരുടെ കുന്തമുന. റിച്ചാർഡ്സണിന്റെ പേസ് അഡ്‌ലെയ്ഡിലും ജയമൊരുക്കുമെന്നാണ് കംഗാരുക്കൾ കരുതുന്നത്. അരങ്ങേറ്റക്കാരൻ ബെഹ്‌റൻഡോർഫും മാകസ് സ്റ്റോയിനിസും നന്നായി പന്തെറിയുന്നുവെന്നതും ഓസീസിന് പ്ലസ് പോയിന്റാണ്. ഹാൻഡ്സ്കോമ്പ്, ഷോൺ മാർഷ്, ഖവേജ, സ്റ്റോയിനിസ് എന്നിവർ മികവ് തുടർന്നാൽ ഓസീസിന് കാര്യങ്ങൾ അനുകൂലമാകും. അതേസമയം നായകൻ ആരോൺ ഫിഞ്ചിന് താളം കണ്ടെത്താനാകാത്തതാണ് അവരുടെ ഏറ്രവും വലിയ തലവേദന.

നോട്ട് ദ പോയിന്റ്

119 ഏകദിനങ്ങളിൽ ഇരുടീമുകളും ഇതുവരെ മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ 74 എണ്ണത്തിൽ ആസ്ട്രേലിയ ജയിച്ചു. 45 എണ്ണത്തിൽ ഇന്ത്യ ജയിച്ചു.

5 ഏകദിനങ്ങളിൽ ഇരുടീമും ഇതുവരെ അഡ്‌ലെയ്ഡിൽ നേർക്കുനേർ വന്നിട്ടുണ്ട്. ഇതിൽ ഒരു തവണ മാത്രമേ ഇന്ത്യയ്ക്ക് ജയിക്കാനായിട്ടുള്ളൂ. ഇരുടീമുകളും ഇവിടെ അവസാനം ഏറ്രുമുട്ടിയ മത്സരത്തിലാണ് ഇന്ത്യ ജയിച്ചത്. 2012ൽ നടന്ന ആ മത്സരത്തിൽ 4 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.