ganja

തിരുവനന്തപുരം: കേരളപൊലീസിന്റെ വൻ അനാസ്ഥയാൽ കേരളം കണ്ട ഏറ്റവും വലിയ കഞ്ചാവുകേസിലെ പ്രതികൾ രക്ഷപ്പെട്ടു. 2018 ഏപ്രിലിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തു നിന്നും 135 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട മൂന്ന് പേരാണ് കേസെടുത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ പാടില്ലെന്ന സുപ്രീംകോടതി നിർദേശം പാലിക്കാത്തതിനാൽ രക്ഷപ്പെട്ടത്. കുറ്റപത്രം റദ്ദാക്കിയ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു. 24 വർഷംവരെ ശിക്ഷകിട്ടാവുന്ന കേസായിരുന്നു ഇത്.

ആന്ധ്രയിൽ നിന്ന് തമിഴ്നാട് വഴി മൂന്ന് കാറുകളിലാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. കേസെടുത്ത മെഡിക്കൽ കോളേജ് സി.ഐ. തന്നെ അന്വേഷണം നടത്തി കുറ്റപത്രം നൽകിയതാണ് തിരിച്ചടിയായത്. നർകോട്ടിക് കേസുകളുടെ അന്വേഷണത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കഴിഞ്ഞവർഷം ആഗസ്‌റ്റിൽ സുപ്രീം കോടതി കർശനനിർദേശം നൽകിയിരുന്നു.

കേസെടുത്ത ഉദ്യോഗസ്ഥൻ തുടരന്വേഷണം നടത്തി കുറ്റപത്രം നൽകരുതെന്നായിരുന്നു പ്രധാനവ്യവസ്ഥ. കേസെടുത്ത ഉദ്യോഗസ്ഥനെക്കാൾ ഉയർന്നറാങ്കിലുള്ള ഉദ്യോഗസ്ഥൻ വേണം കുറ്റപത്രം സമർപ്പിക്കേണ്ടത്. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ്.) പ്രകാരം പ്രതികളാക്കപ്പെടുന്നവർക്ക് കടുത്തശിക്ഷ കിട്ടാനിടയുള്ള കേസുകളിലെ അന്വേഷണം സുതാര്യമാക്കാൻ വേണ്ടിയായിരുന്നു ഈ ക്രമീകരണം.

ഈ വ്യവസ്ഥ പാലിക്കാതെയാണ് മെഡിക്കൽ കോളേജ് പൊലീസ് കുറ്റപത്രം നൽകി. പ്രതികൾ ഇതു ചൂണ്ടിക്കാട്ടി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചതോടെ കുറ്റപത്രം റദ്ദാക്കുകയായിരുന്നു. ഗുണ്ടാനിയമം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളാണ് രക്ഷപ്പെട്ടത്.