പത്തനംതിട്ട: ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കിയവരുടെ ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നുവെന്നും എല്ലാ വെല്ലുവിളികളെയും സർക്കാരിന് മറികടക്കാനായെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. രാഷ്ട്രീയ മോഹത്തോട് കൂടി തൽപരകക്ഷികൾക്കും വർഗീയ ഭ്രാന്തൻമാർക്കും ശബരിമല വിഷയത്തിൽ ജനങ്ങളെ കബളിപ്പിക്കാനായെന്നും എന്നാൽ ജനം അതും തിരിച്ചറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
'പ്രധാനമായ ഭരണഘടനാ ദൗത്യം സർക്കാരിന് നിർവഹിക്കേണ്ടതുണ്ടായിരുന്നു. ചില വർഗീയ വാദികൾ, സ്ഥാപിത താൽപര്യക്കാർ രാഷ്ട്രീയ മോഹത്തോടു കൂടി സുപ്രീംകോടതി വിധിയെ എതിർക്കാൻ ശ്രമിച്ചത് തീർത്ഥാടനകാലത്ത് പ്രശ്‌നങ്ങൾക്കിടയാക്കി. പക്ഷെ, അത് കേവലം രാഷ്ട്രീയ താൽപര്യമാണെന്ന് കേരളം മനസ്സിലാക്കി. അതുകൊണ്ട് ആ വെല്ലുവിളിയെ മറികടക്കാനായി. നമ്മുടെ രാജ്യത്ത് ഭരണഘടനയും നീതിന്യായ വ്യവസ്ഥയും രാജ്യത്തിന്റെ മുന്നോാട്ടുള്ള പോക്കിന് അത്യാവശ്യമാണെന്ന് കേരളീയർക്ക് മനസിലാവുന്നുണ്ട്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നിയമവാഴ്‌ചയെ അട്ടിമറിക്കുന്നതും കേരളീയർ കാണുന്നുണ്ട്.
ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി നിലനിറുത്തേണ്ടത് തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമായി ജനങ്ങൾ കാണുന്നുണ്ട്. കുറച്ച് ദിവസം ജനങ്ങളെ കബളിപ്പിക്കാൻ വർഗീയ ഭ്രാന്തൻമാർക്ക് സാധിച്ചിട്ടുണ്ട്. സ്ത്രീകളുടെ പ്രായം പരിശോധിക്കുന്നത് സർക്കാരിനെ ബാധിക്കുന്ന കാര്യമല്ലെന്നും വരുന്ന എല്ലാ ഭക്തജനങ്ങൾക്കും തൊഴാനുള്ള അവസരം നൽകുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.