mohanlal-bjp

നടൻ മോഹൻലാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ, സൂപ്പർതാരത്തെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള നീക്കം ബി.ജെ.പി തുടങ്ങി കഴിഞ്ഞതായി സൂചന. നടൻ മോഹൻലാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം താൽപര്യം അറിയിച്ചെങ്കിലും സന്നദ്ധനല്ലെന്ന മറുപടിയാണ് ലാൽ നൽകിയതെന്നാണ് സൂചന. എന്നാൽ വീണ്ടും അധികാരത്തിലെത്തിയാൽ ലാലിനെ രാജ്യസഭയിലെത്തിക്കണമെന്ന ലക്ഷ്യം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുണ്ട്.

നിലവിൽ എം.പി.യായ നടൻ സുരേഷ്‌ഗോപി, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ തുടങ്ങിയവർ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, നമ്പി നാരായണൻ, സുരേഷ്‌ഗോപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. മിസോറാം ഗവർണർ കുമ്മനം രാജശേഖരനു വേണ്ടിയുള്ള വാദം ശക്തമാണെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ ഇതിന് വേണ്ടിവരും.

പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്‌ചയെത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാകും. . ശബരിമല യുവതീപ്രവേശത്തിൽ ബി.ജെ.പി.യും സംഘപരിവാർ സംഘടനകളും നടത്തിയ ഇടപെടലുകൾ മുൻനിറുത്തിയാകും തിരഞ്ഞെടുപ്പ് പ്രവർത്തനം.