വേണ്ടപ്പെട്ടവർക്കായി അന്യനാട്ടിൽ പോയി കഠിനാദ്ധ്വാനം ചെയ്ത് പരിമിതമായ സാഹചര്യങ്ങളിൽ ജീവിച്ച് നാട്ടിലേക്ക് പണമയക്കുന്നവരാണ് പ്രവാസികൾ. പണിസ്ഥലത്തെ അപകടങ്ങളിൽപെട്ട് ജീവൻ നഷ്ടമാകുന്നവർക്ക് പലപ്പോഴും നഷ്ടപരിഹാരം വളരെ നാളുകൾക്ക് ശേഷമാണ് ലഭിക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തനാവുകയാണ് ഹംബർട്ട് ലീ. ഗൾഫിൽ അദ്ദേഹത്തിന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ചെങ്ങന്നൂർ സ്വദേശി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തിന് നൽകാനായി ഇൻഷ്വറൻസ് തുകയും മാനേജ്‌മെന്റും സ്റ്റാഫും ചേർന്ന് പിരിച്ച തുകയുമായി കമ്പനിയുടെ ഉടമസ്ഥനായ ഹംബർട്ട് ലീ ചെങ്ങന്നൂരിൽ നേരിട്ടെത്തുകയായിരുന്നു. ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഖത്തിൽ പങ്കുചേർന്ന് അവരെ ആശ്വസിപ്പിച്ചു. ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും 33.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. ഭാഷ അറിഞ്ഞില്ലെങ്കിലെന്താ കമ്പനിയുടെ ഉടമസ്ഥൻ കാട്ടിയ മനുഷ്യത്വത്തിന് മുന്നിൽ തലകുനിക്കുകയാണ് പ്രവാസ ലോകം. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തത്.