ramesh-chennithala

ആലപ്പാട്: പ്രതിഷേധങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പാട് ഗ്രാമത്തിൽ സന്ദർശനം നടത്തി. തുടർന്ന് അദ്ദേഹം സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചെന്നിത്തലയുടെ സന്ദർശനത്തിനിടെ ഇന്ത്യൻ റെയർ എർത്ത് ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഖനനം നിറുത്തി വച്ചാൽ അത് തങ്ങളുടെ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്നാണ് തൊഴിലാളികളുടെ പക്ഷം. തങ്ങളുടെ വീടിനും ജീവനും ഭീഷണിയായ ഖനനം അവസാനിപ്പിക്കണം എന്നായിരുന്നു സമരക്കാരുടെ വാദം.

സമര സമിതി നേതാക്കളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ചർച്ച നടക്കും മുൻപേ തന്നെ സർക്കാർ തീരുമാനം കൈകൊണ്ടത് ശരിയായില്ല. ആലപ്പാട് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആലപ്പാട് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണുള്ളത് . ആലപ്പാടിനെ സംബന്ധിച്ചുള്ള നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടണം. ഒരു നിയന്ത്രണങ്ങളും ഇല്ലാതെ ഖനനം നടത്തുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ആലപ്പാടിൽ സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പ്രസ്താവനയെ ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. മലപ്പുറത്തുകാരല്ല ആലപ്പാട്ടുകാരാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്നവരെ ആക്ഷേപിക്കരുത്. ആ പ്രസ്താവന പിൻവലിച്ചു വ്യവസായമന്ത്രി മാപ്പുപറയണമെന്നും ചെന്നിത്തല പറഞ്ഞു.