fistula

നമ്മിൽ പലരും ടോയ്‌ലെറ്റിൽ ആവശ്യത്തിലധികം സമയം ചെലവഴിക്കുന്നവരാണ്. ഇതിന് കാരണം മലവിസർജ്ജനം നടത്താനുള്ള താമസമല്ല; മറിച്ച്, മൊബൈൽ ഫോണിൽ പരതുകയോ ഗെയിം കളിക്കുകയോ ഒക്കെ ചെയ്യുന്നതിനാലാണ്. പലർക്കും റ്റോയ്‌ലെറ്റ് ഒരു 'ബ്രേക്ക്' എടുക്കാനുള്ള സ്ഥലവും യാതൊരുവിധ മറ്റ് ഇടപെടലുകൾ ഇല്ലാതെയും സമയം ചെലവിടാനുള്ള ഒരു സ്ഥലമാണ്.

ടോയ്‌ലെറ്റിൽ ഫോൺ ഉപയോഗിക്കുകയാണെങ്കിൽ അതിൽ നമ്മൾ അറിയാതെതന്നെ നൂറുകണക്കിന് സൂക്ഷ്മ ജീവികൾ, കുമിളകൾ, യീസ്റ്റ് എന്നിവ കൂടാതെ മലത്തിന്റെ അംശവും അടിഞ്ഞുകൂടാൻ സാദ്ധ്യതയുണ്ട്. ടോയ്‌ലെറ്റ് വാതിൽ, ലോക്ക്, ടാപ്, ഫ്ളഷ്, ഹാൻഡ് വാഷ് തുടങ്ങിയവയിലെല്ലാം ബാക്റ്റീരിയ ഉണ്ട്. സോപ്പിട്ട് കൈ കഴുകിയാൽ പോലും ഈ ബാക്റ്റീരിയ നശിക്കാൻ സാദ്ധ്യത ഇല്ല.

അർശസ്
30 മിനിട്ടിൽ കൂടുതൽ സമയം ടോയ്‌ലെറ്റിൽ ഇരുന്നാൽ അർശസ്, രക്തധമനികൾ, മലദ്വാരം എന്നിവയുടെ വീക്കം എന്നിവയുണ്ടാകാം. മലാശയത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിനാൽ അർശസ് ഉണ്ടാകാനും, നിലവിലുള്ള അർശസ് വഷളാകാനും സാദ്ധ്യതയുണ്ട്. കൂടാതെ, ഞരമ്പുകളുടെയും അരക്കെട്ടിന്റെയും പ്രശ്നങ്ങൾക്കും ഇത് കാരണമാകും. ടോയ്‌ലെറ്റിൽ എത്രയും പെട്ടെന്ന് കയറുകയും ഇറങ്ങുകയും ചെയ്യണം.


അർശസുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
1. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം പതിവാക്കുക
2. കൃത്യമായ വ്യായാമം ദിവസേന ചെയ്യുക
3. മലദ്വാരം വൃത്തിയായി സൂക്ഷിക്കുക
4. വീക്കം കുറയ്ക്കാൻ ഐസ് പാക്ക് ഉപയോഗിക്കുക
5. ആവശ്യത്തിന് വെള്ളം കുടിക്കുക (കുറഞ്ഞത് 3 ലിറ്റർ)
6. അനുയോജ്യമായ രീതിയിലിരുന്ന് മലവിസർജ്ജനം നടത്തുക
7. പരുപരുത്ത റ്റോയ്‌ലെറ്റ് പേപ്പർ ഉപയോഗിക്കാതിരിക്കുക
8. മലദ്വാരത്തിൽ മാന്തുകയും ചൊറിയുകയും ചെയ്യരുത്
9. ബലം പിടിച്ച് ബുദ്ധിമുട്ടി മലവിസർജ്ജനം ചെയ്യരുത്
10. അമിത ഭാരം ഉയർത്തുന്നത് ഒഴിവാക്കുക


ടോയ്‌ലെറ്റിൽ ചിലവിടുന്ന സമയം കൂടുതലാണോ എന്നറിയാൻ ഒരു സ്വയം പരിശോധന നമുക്ക് തന്നെ നടത്താവുന്നതാണ്. ആദ്യത്തെ ദിവസം ഫോണുമായി ടോയ്‌ലെറ്റിൽ പോകുക. പിന്നീട് ഫോൺ ഇല്ലാതെയും പോകുക. രണ്ട് സമയങ്ങൾ തമ്മിലുള്ള വ്യത്യാസം നമ്മൾ വെറുതെ കളയുന്ന സമയമാണ്. അതുകൊണ്ട് 10 മിനിട്ടിലധികം സമയം ടോയ്‌ലെറ്റിൽ ഇരിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം.

ഡോ. ജിബിൻ.കെ.തോമസ്
കൺസൾട്ടന്റ് - ജനറൽ & ലാപ്പറോസ്‌കോപ്പിക് സർജറി
കിംസ് ഹോസ്പിറ്റൽ
കോട്ടയം