ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ശക്തിപ്രാപിക്കാൻ തന്ത്രങ്ങളുമായി ബി.ജെ.പി. 2008ൽ യദ്യൂരപ്പ സർക്കാരിന്റെ കാലത്ത് നടപ്പാക്കാൻ ശ്രമിച്ച തന്ത്രങ്ങളുമായാണ് ബി.ജെ.പി എത്തിയിരിക്കുന്നത്. മൂന്ന് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പി നേതാക്കൾ്കകൊപ്പം മുംബയിൽ എത്തി. ബി.ജെ.പി നേതാക്കൾകൊപ്പം ഒരു ഹോട്ടലിലാണ് മൂവരും താമസിക്കുന്നത്. 'ഓപ്പറേഷൻ ലോട്ടസിന്റെ' ഭാഗമായി സഖ്യ കക്ഷികളെ അട്ടിമറിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ഇവരുടെ നീക്കമെന്നും മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാർ ആരോപിച്ചു.
'സംസ്ഥാനത്ത് കുതിരക്കച്ചവടം തുടരുകയാണ്. കോൺഗ്രസിന്റെ മൂന്ന് എം.എൽ.എമാർ ബി.ജെ.പി നേതാക്കൾക്കൊപ്പം ഹോട്ടലിൽ താമസിക്കുന്നത് എന്തിനാണെന്നും അവർ എത്ര രൂപ നൽകുമെന്ന് അറിയാമെന്നും' ഡി.ശിവകുമാർ പറഞ്ഞു. എന്നാൽ ബി.ജെ.പി തങ്ങൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകിയ വിവരം പല കോൺഗ്രസ് എ.എൽ.എമാരും തുറന്നു പറഞ്ഞിരുന്നു.
നമ്മുടെ മുഖ്യമന്ത്രി വളരെ സമാധാന പ്രിയനായ വ്യക്തിയാണ്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. ബി.ജെ.പിയുടെ കളികൾ കാത്തിരുന്ന് കാണാം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ആ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഒരു ദിവസത്തിനകം ഇക്കാര്യം വെളിച്ചത്തിൽ കൊണ്ട് വരുമായിരുന്നു. ഇതിൽ ബി.ജെ.പി വിജയിക്കാൻ പോകുന്നില്ലെന്നും ശിവകുമാർ പറഞ്ഞു.
'മകരസംക്രാന്തിക്ക് ശേഷം വിപ്ലവമുണ്ടാകുമെന്നാണ് പറയുന്നത്. നമുക്ക് നോക്കാം. കൂറുമാറ്റ നിരോധന നിയമം ഉള്ളതിനാൽ കാര്യങ്ങൾ അത്ര എളുപ്പമാവില്ല. എങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളെ കുറിച്ച് തങ്ങൾക്ക് ധാരണ ഉണ്ടെന്നും' ശിവകുമാർ വ്യക്തമാക്കി.
എന്നാൽ ശിവകുമാറിന്റെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി. പാർട്ടിയുടെ കഴിവുകേടും തമ്മിലടിയും മറച്ചുപിടിക്കാനാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ നടത്തുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
കർണാടകയിൽ ബി.എസ് യെദ്യൂരപ്പ സർക്കാരിന്റെ കാലത്ത് സ്ഥിരത ഉറപ്പാക്കാനായി നിരവധി പ്രതിപക്ഷ എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാൻ തയ്യാറാക്കിയ പദ്ധതിയാണ് 'ഓപ്പറേഷൻ ലോട്ടസ്'. എന്നാൽ അത്തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിനെ താങ്ങി നിർത്തിയത് ശിവകുമാറായിരുന്നു.