കൊല്ലം: ആലപ്പാട് സമരത്തിന്റെ മറവിൽ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. ഖനനമേഖലയിൽ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഖനനം നിർത്തിയാൽ അവർക്ക് തൊഴിൽ നഷ്‌ടപ്പെടും, അവരുടെ കുടുംബങ്ങൾ പട്ടിണിയിലാകുമെന്നും മന്ത്രി പ്രതികരിച്ചു.
'ആലപ്പാട്ടെ പരിസ്ഥിതി പ്രശ‌്നത്തെ കുറിച്ച് സർക്കാരിന് ഒരുപരാതിയും ലഭിച്ചിട്ടില്ല. ഖനനം നിറുത്തില്ല.ഖനനം നിറുത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു നടക്കില്ല. സമരം നടത്തുന്നവർ അതേക്കുറിച്ച് സ്വയം ആലോചിക്കട്ടേ. സമരം എന്തിനാണ് എന്ന് അറിയില്ല, ആലപ്പാട് ഇല്ലാതായി തീരുന്നു എന്നു പറഞ്ഞു ടിവിയിൽ വാർത്ത കണ്ടപ്പോൾ ആണ് ഇങ്ങനെയൊരു സമരം നടക്കുന്ന കാര്യം താനറിഞ്ഞത്. അങ്ങനെയാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതും അവിടെ സമരം നടക്കുന്നതായി അറിഞ്ഞതും'- ജയരാജൻ പറഞ്ഞു.
പ്രകൃതി തരുന്ന സമ്പത്താണ് കരിമണലെന്നും അതിനെ പൂർണമായും സംഭരിക്കാൻ കഴിഞ്ഞാൽ നിരവധി പേർക്ക് ജോലി ലഭിക്കുന്ന സംഭരമാക്കി മാറ്റാം. ആലപ്പാട് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ഒരു ഭിന്നതയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.