തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ ബിജെപിക്കുള്ളിൽ ചേരിതിരിവ്. പാർട്ടിയുടെ സംഘടനാ വിഷയങ്ങളിലും ശബരിമല സമരത്തിലുമുള്ള ആർഎസ്എസ് മേൽക്കോയ്‌മയിൽ ബി.ജെ.പിക്കുള്ളിൽ അമർഷം പുകയുകയാണ്. ശബരിമലയിൽ നിന്ന് ബിജെപി സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റാനുള്ള നിർദേശം വച്ചത് ആർ.എസ്.എസാണ്. ശബരിമല സമരത്തിന് എത്തിയ ബിജെപി നേതാക്കളെ പിൻ നിരയിലേക്കു തള്ളിയാണ് സംഘപരിവാർ സംഘടനയായ കർമ്മസമിതിയെത്തിയതും. നിരാഹാര സമരത്തിൽ ആദ്യമൊക്കെ മുൻ നിര നേതാക്കൾ പങ്കെടുത്തിരുന്നു. എന്നാൽ പിന്നീട് നേതാക്കൾ തന്നെ മുഖം തിരിച്ചതോടെ സമരം അപ്രസക്തമായെന്ന അവസ്ഥയായി.
അതേസമയം ശബരിമല വിഷയത്തെ മുൻ നിറുത്തി സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തുന്ന നിരാഹാരസമരം ബിജെപി അവസാനിപ്പിക്കുന്നു. ഈ മാസം 22ന് സമരം അവസാനിപ്പിക്കും. 21 ന് സംസ്ഥാനത്ത് എത്തുന്ന അമിത് ഷായുമായി ആലോചിച്ചശേഷം മാത്രം സമരം തുടർന്നും ആവശ്യമാണോ എന്ന് പരിശോധിക്കും. എന്നാൽ നിലവിലെ വികാരം അതേപടി നിലനിറുത്താൻ സമരവുമായി മുന്നോട്ടുപോകണമെന്ന നിലപാടാണ് ആർ.എസ്.എസിനുള്ളത്.