തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും തിരുവനന്തപുരം സീറ്ര് പിടിക്കാൻ ബി.ജെ.പിയുടെ തീവ്രശ്രമം. അതിനായി കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാനാണ് ബി.ജെ.പി ആലോചന. പാർട്ടി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ രംഗത്തിറക്കി തിരുവനന്തപുരത്ത് കന്നി വിജയം ഉറപ്പാക്കുകയാണ് പാർട്ടി ലക്ഷ്യം. സുരേന്ദ്രൻ രംഗത്തിറങ്ങിയാൽ എൻ.എസ്.എസിന്റെ പൂർണ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലുമുണ്ട്.
തിരുവനന്തപുരത്ത് കോൺഗ്രസിൽ നിന്ന് മത്സരിക്കുക ശശി തരൂർ എം.പി തന്നെയാകും. എന്നാൽ, സി.പി.ഐ സ്ഥാനാർത്ഥിയെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല. സുരേന്ദ്രൻ തിരുവനന്തപുരത്ത് മത്സരിച്ചാൽ കടുത്ത മത്സരമാകും നടക്കുക. പത്തുശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തിൽ നന്ദി പറഞ്ഞ് എൻ.എസ്.എസ് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത് കേരളത്തിൽ ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ഇതുകൂടി കണക്കുകൂട്ടിയാണ് ബി.ജെ.പി തിരുവനന്തപുരത്ത് സുരേന്ദ്രനെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കാൻ ഒരുങ്ങുന്നത്. സുരേന്ദ്രൻ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന സൂചന തിരുവനന്തപുരത്തെ എൻ.എസ്.എസിന്റെ ഒരു പ്രമുഖ നേതാവ് നൽകി.
സുരേന്ദ്രനൊപ്പം മറ്രു ചില പേരുകളും തിരുവനന്തപുരത്തെ സ്ഥാനാർത്ഥികളായി ഉയരുന്നുണ്ടെങ്കിലും ശബരിമല സമരത്തിലൂടെ ജനപ്രീതി വർദ്ധിച്ച സുരേന്ദ്രനെ കളത്തിലിറക്കാനാണ് ബി.ജെ.പി നേതൃത്വത്തിന് താത്പര്യമെന്നാണ് സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ വൈകാതെ തുടങ്ങിയേക്കും.
നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നതും ബി.ജെ.പിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശ് ദർശൻ പരിപാടിയുടെ ഭാഗമായി പൂർത്തിയാക്കിയ തീർത്ഥാടക സൗഹൃദ പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബർ അവസാനം ഇന്ത്യാ ടി.വി സി.എൻ. എക്സ് നടത്തിയ സർവേയിൽ ബി.ജെ.പിക്ക് കേരളത്തിൽ ഒരു സീറ്ര് കിട്ടുമെന്ന് പ്രവചിച്ചതോടെ ഏറ്രവും ജയസാദ്ധ്യതയുള്ള മണ്ഡലമായി തിരുവനന്തപുരത്തെ ബി.ജെ.പി കണക്കാക്കുന്നു. അതിനാലാണ് സുരേന്ദ്രന്റെ പേര് ഉയരുന്നതും.
ശബരിമല വിഷയത്തിൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തതും ജയിലുകളിൽ നിന്ന് ജയിലുകളിലേക്ക് കൊണ്ടുപോയതുമൊക്കെ തിരഞ്ഞെടുപ്പിൽ സജീവവിഷയമായി ഉയർന്നുവരും. എൻ.എസ്.എസിന്റെ പിന്തുണ ഉണ്ടെങ്കിൽ സുരേന്ദ്രന് തിരുവനന്തപുരത്ത് വിജയിച്ചുകയറാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി എന്നും സൂചനയുണ്ട്.
എൻ.എസ്.എസിന് രാഷ്ട്രീയമില്ലെങ്കിലും അയ്യപ്പഭക്തന്മാർക്കുണ്ടായ മുറിവ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് എൻ.എസ്.എസിന്റെ ഒരു പ്രമുഖ നേതാവ് 'ഫ്ളാഷി'നോട് പ്രതികരിച്ചത്.