op-rajbhar

അലിഗഢ്: ബി.ജെ.പി നേതാക്കൾ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നു എന്ന ആരോപണങ്ങൾ എല്ലാ കാലവും ഉണ്ടായിട്ടുണ്ട്. എന്നാൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നവരെ പച്ചക്ക് കൊളുത്തണം എന്ന ബി.ജെ.പി ഘടകകക്ഷി നേതാവിന്റെ പ്രസ്താവന പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഉത്തർപ്രദേശിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് ബി.ജെ.പി ഘടകകക്ഷി നേതാവും മന്ത്രിയുമായ ഒ.പി. രാജ്ഭാറിന്റെ പ്രസ്താവന.

എതെങ്കിലും വലിയ രാഷ്ട്രീയ നേതാവ് ഹിന്ദു-മുസ്ളീം കലാപങ്ങളിൽ മരിച്ചിട്ടുണ്ടോ?​ എന്ത് കൊണ്ട് അവർ മരിക്കാറില്ല? ജാതിയും മതവും പറഞ്ഞ് തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന നേതാക്കളെ പച്ചക്ക് കൊളുത്തണം. അപ്പോൾ മാത്രമേ അവ‌ർ ഇത്തരം ചെയ‌്തികൾ നിറുത്തുകയുള്ളുവെന്ന് രാജ്ഭാർ പറഞ്ഞു.

ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാരിനെ രാജ്ഭാർ രൂക്ഷമായി വിമർശിച്ചു. നേതാക്കൾ ഹിന്ദുക്കളെയും മുസ്ളീമു​കളെയും തമ്മിൽ വേർതിരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ വോട്ട് തന്റെ ഇഷ്ടത്തിന് രേഖപ്പെടുത്താൻ ഏതൊരു പൗരനും അവകാശമുണ്ടെന്നും അതിനാൽ അത്തരക്കാരെ എടുത്ത് പുറത്ത് കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടയായി എൻ.‌ഡി.എയിൽ നിന്ന് പുറത്ത് പോയേക്കുമെന്ന് രാജ്ഭാർ പറഞ്ഞിരുന്നു. മുൻപ് യോഗി ആദിത്യനാഥ് സ്ഥലങ്ങളുടെ പേര് മാറ്റിയപ്പോൾ അതിനെയും ഇദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയിൽ തന്നെ നിൽക്കണമെങ്കിൽ ചില നിബന്ധനകൾ രാജ്ഭാറിന്റെ സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി മുന്നോട്ട് വച്ചിട്ടുണ്ട്. അതിൽ അനുകൂല തീരുമാനം എൻ.ഡി.എ നേതൃത്വം എടുത്തില്ലെങ്കിൽ സംസ്ഥാനത്തെ 80 സീറ്റുകളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രാജ്ഭാർ അറിയിച്ചു.