vijay-rupani

ന്യൂഡൽഹി: മുന്നാക്ക സാമ്പത്തിക സംവരണബിൽ ഗുജറാത്തിൽ ഇന്ന് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിജയ് രുപാണി വ്യക്തമാക്കി. ‘ജനുവരി 14, 2019ന് മകര സംക്രമാന്തിയുടെ അന്ന് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിനുള്ള 10 ശതമാനം സംവരണം നടപ്പിൽ വരുത്തു'മെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ അദ്ദേഹം പറഞ്ഞിരുന്നു.

'ചരിത്രപരവും വിപ്ലവകരവുമായ’ ഈ നിയമം നടപ്പിൽ വരുത്തുന്ന ആദ്യത്തെ സംസ്ഥാനം ഗുജറാത്ത് ആയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പുതിയ സംവരണ ബിൽ ഭരണഘടനാ മൂല്യങ്ങൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ഫോർ ഈക്വാലിറ്റി എന്ന സംഘടന സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

ഭരണഘടനാ (124ാം ഭേദഗതി) ബിൽ, 2019 ജനുവരി 8ന് ലോക്‌സഭയിലും അടുത്ത ദിവസം രാജ്യസഭയിലും അംഗീകാരം നേടിയിരുന്നു. 8 ലക്ഷത്തിൽ കുറവ് വാർഷിക വരുമാനമുള്ള മുന്നാക്ക ജാതിയിൽ പെട്ടവർക്കാണ് ഇത് പ്രകാരം സംവരണം ലഭിക്കുക. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് ഗുജറാത്ത് സർക്കാർ 2016ൽ ഏർപ്പെടുത്തിയ സംവരണം സ്റ്റേ ചെയ്‌തു കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ നിലവിലെ അവസ്ഥ സർക്കാർ വിശദീകരിക്കണമെന്നും ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് അമിത് ചവ്ദ ആവശ്യപ്പെട്ടു.