ന്യുഡൽഹി: രാജ്യത്തെ മുഴുവൻ കംപ്യൂട്ടറുകളെയും നിരീക്ഷിക്കാൻ അന്വേഷണ ഏജൻസികളെ അധികാരപ്പെടുത്തി കൊണ്ടുള്ള കേന്ദ്ര ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേയില്ല. കംപ്യൂട്ടറുകളെ നിരീക്ഷിക്കുന്നത് ചോദ്യം ചെയ്‌തു കൊണ്ടുള്ള ഹർജിയിൽ കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കകം ഇതിന് മറുപടി നൽകണമെന്ന് ചീഫ്ജസ്റ്റിസ് ഉത്തരവിട്ടു. പൊതുതാത്പര്യ ഹർജിയിലാണ് കോടതി നടപടി.
പൗരന്മാരുടെ സ്വകാര്യതയിലേക്ക് കേന്ദ്രത്തിന്റെ കടന്നുകയറുകയാണെന്നാണ് ഹര്‍ജികളിലെ ആരോപണം. ഏതുസാഹചര്യത്തിലാണ് നിരീക്ഷണം നടത്തുന്നതെന്ന് കേന്ദ്രത്തിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഇത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഉത്തരവ് റദ്ദുചെയ്യണമെന്നുമായിരുന്നു ഹർജികളിൽ ആവശ്യപ്പെട്ടത്.