പത്തനാപുരം: വരൻ എത്താതിരുന്നതിനെ തുടർന്ന് യുവതിയുടെ വിവാഹം മുടങ്ങി. ബംഗളൂരുവിൽ അന്വേഷിച്ചെത്തിയ വധുവിന്റെ അച്ഛനും ബന്ധുക്കളും വരനെ കണ്ടത് എട്ട് മാസം ഗർഭിണിയായ ഭാര്യയ്ക്കാപ്പം! പത്തനാപുരം മഞ്ചള്ളൂരിലാണ് സംഭവം. മൂന്നുമാസം മുമ്പാണ് യുവാവിന്റെയും യുവതിയുടെയും വിവാഹം ഉറപ്പിച്ചത്.
പരസ്പരം മോതിരം കൈമാറിയുള്ള നിശ്ചയവും നടത്തി. വിവാഹത്തിന് ഒരു ദിവസം മുമ്പാണ് കല്യാണം നടക്കില്ലെന്ന് വധുവിന്റെ വീട്ടുകാരറിയുന്നത്. സ്വർണവും വസ്ത്രങ്ങളുമടക്കമുള്ളവ വാങ്ങുകയും തലേദിവസം നടക്കുന്ന പാർട്ടിക്കുള്ള ഭക്ഷണവും കല്ല്യാണ ദിവസത്തെ സദ്യയുടെ ക്രമീകരണങ്ങളും നടത്തുന്നതിനിടെയാണ് വരൻ ചതിച്ച വിവരം വധുവിന്റെ വീട്ടുകാരോട് വരന്റെ സുഹൃത്ത് അറിയിക്കുന്നത്. രണ്ടുദിവസം മുമ്പ് ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു എന്ന സന്ദേശം ലഭിച്ചിരുന്നതായി വരന്റെ ബന്ധുക്കൾ പറയുന്നു. എത്താതിരുന്നതോടെ ജോലി സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് ഒരു വർഷം മുമ്പ് കോട്ടയം സ്വദേശിനിയെ കല്യാണം കഴിച്ച വിവരമറിയുന്നത്.
വധുവിന്റെ മാതാപിതാക്കൾ പത്തനാപുരം പൊലീസിൽ പരാതി നൽകുകയും എസ്.ഐ പുഷ്പകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ വരന്റെ വീട്ടുകാർ നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന വ്യവസ്ഥയിലെത്തുകയും ചെയ്തു. കൂടുതൽ അന്വഷണം നടത്തി വരന്റെ പേരിൽ കേസെടുക്കുമെന്ന് എസ്.ഐ പുഷ്പകുമാർ പറഞ്ഞു.