കശ്‌മീരിലെ വിഘടനവാദം(ആസാദ് കശ്‌മീർ), ദെെവങ്ങളെ അപമാനിക്കുക തുടങ്ങിയ വിഷയങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ 'പ്രാദേശികമായി നിയമവിരുദ്ധ ഉള്ളടക്കമായി' അടയാളപ്പെടുത്തും. കൂടാതെ ഇന്ത്യൻ ത്രിവർണ പതാകയുടെ നിറങ്ങൾ അരയ്‌ക്ക് താഴെയുള്ള വസ്ത്രങ്ങളിൽ പതിപ്പിച്ചുമുള്ള ചിത്രങ്ങളും നിയമവിരുദ്ധമാണ്. ഇത്തരം പോസ്റ്റുകൾ വിശദ പരിശോധനയ്‌ക്ക് വിധേയമാക്കും.
ഇന്ത്യയിൽ കശ്‌മീരിന്റേയും അക്‌സായ് ചിനിന്റേയും ഭൂപടങ്ങൾ, ദൈവങ്ങളെ താരതമ്യം ചെയ്യുകയും മുഹമ്മദ് നബിയെ ചിത്രീകരിക്കുകയും കളിയാക്കുകയും ചെയ്യുന്ന പോസ്റ്റുകൾ, ത്രിവർണ പതാകയിലെ അശോക ചക്രത്തിന് പകരം ഗാന്ധിയെ പ്രതിഷ്ഠിക്കുന്ന ചിത്രങ്ങൾ തുടങ്ങിയവ നിയമവിരുദ്ധ ഉള്ളടക്കങ്ങളാണ്. ആസാദ് കശ്‌മീർ, ഫ്രീ കശ്‌മീർ, കാശ്‌മീർ പാകിസ്ഥാന്റേത് പോലുള്ള വാചകങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്യും.
ഫേസ്ബുക്കിലെ കണ്ടന്റ് റിവ്യൂവർമാരാണ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്‌ത പോസ്റ്റുകളും കമ്പനിയുടെ തന്നെ അൽഗൊരിതം കണ്ടെത്തിയ പോസ്റ്റുകളും പരിശോധിക്കുന്നത്. ഒരു പോസ്റ്റ് ഫേസ്ബുക്കിൽ നിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഇവരാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 15,000 കണ്ടന്റ് റിവ്യൂവർമാർ ഫേസ്ബുക്കിനുണ്ട്. എന്നാൽ, കൃത്യമായ പരിശോധനകൾ കൂടാതെ ഉള്ളടക്കങ്ങൾക്ക് വിലക്കേർപ്പെടുത്തില്ല. അതേസമയം മതത്തെയോ വിശ്വാസങ്ങളെയോ ആക്രമിച്ചുകൊണ്ടുള്ള പ്രസംഗങ്ങൾ വിദ്വേഷ പ്രസംഗങ്ങളായി പരിഗണിക്കില്ലെന്ന് ഫേസ്ബുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.