fb-post

കൊൽക്കത്ത: കന്യകയായ വധു സീലടിച്ച കുപ്പി പോലെയാണെന്ന് പറഞ്ഞ പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ‌് വിവാദമായിരിക്കുകയാണ്. 'എന്ത് കൊണ്ട് കന്യകയായ വധുവായിക്കൂട' എന്ന തലക്കെട്ടോടെയാണ് കനക് സർക്കാർ എന്ന കോളേജ് പ്രൊഫസർ സ്ത്രീ വിരുദ്ധ പോസ്റ്റ‌് ഇട്ടത്. തൊട്ടു പിന്നാലെ പോസ്റ്റ‌ിനെ വിമർശിച്ച് നിരവധി പേർ രംഗത്ത് എത്തുകയായിരുന്നു. 'സീൽ പൊട്ടിയ ശീതളപാനീയം ആരെങ്കിലും ഉപയോഗിക്കുമോ, കന്യകയല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കുന്ന പുരുഷൻ വിഡ്ഢിയാണെന്നും' അദ്ദേഹം പോസ്റ്റ‌ിൽ പറയുന്നു. ജാദവ്പൂർ സർവ്വകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് അധ്യാപകനാണ് കനക് സർക്കാർ.

'ആൺകുട്ടികൾ വിഡ്ഢികളായി മാറുകയാണ്. അവർ ഒരിക്കലും കന്യകയായ ഭാര്യയെ കുറിച്ച് ബോധവാൻമാരല്ല. കന്യകയായ പെൺകുട്ടി സീൽ ചെയ്ത പായ്ക്കറ്റ് പോലെയോ,​ കുപ്പിപോലെയോ ആണ്. ശീതളപാനീയമോ,​ ബിസ്കറ്റോ,​ കുപ്പിയോ സീൽ പൊട്ടിയാൽ ആരെങ്കിലും വാങ്ങുമോ?​ ഒരു പെൺകുട്ടി ജന്മനാ സീൽ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നത്. കന്യകയായ സ്ത്രീയെന്നാൽ അതിൽ മൂല്യങ്ങളും,​ സംസ്കാരവും,​ ലൈംഗിക ശുചിത്വവും എല്ലാം അടങ്ങിയിട്ടുണ്ടെന്നും' കനക് സർക്കാർ ഫേസ്ബുക്കിൽ കുറിച്ചു.

fb

സ്ത്രീ വിരുദ്ധതയാണ് പോസ്റ്റ‌ിൽ നിറഞ്ഞിരിക്കുന്നതെന്ന് നിരവധി പേർ പ്രതികരിച്ചു. എന്നാൽ സമൂഹമാദ്ധ്യമങ്ങൾ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ളതാണെന്ന ന്യായീകരണമായിരുന്നു സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. സമൂഹമാദ്ധ്യമത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് സുപ്രീംകോടതി അവകാശം നൽകിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.

തസ്ലീമ നസ്രിൻ ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ സംസാരിച്ചാൽ അത് ആവിഷ്കാര സ്വാതന്ത്ര്യം,​ ഞാൻ ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല. സമൂഹക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരാളാണ് താനെന്നും സർക്കാർ പ്രതിഷേധക്കാരോട് ന്യായീകരിച്ചു.

എന്നാൽ വിവാദ പോസ്റ്റ‌ിനെതിരെ സർവ്വകലാശാല അധികൃതർ വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരത്തിലുള്ള മനോഭാവം ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനങ്ങൾ ഉയർന്നു വന്നപ്പോൾ അദ്ദേഹം പോസ്റ്ര‌് പിൻവലിക്കുകയും ചെയ്തു.