senkumar-

കോട്ടയം: ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ. മാന്യത എന്നൊന്ന് ഈ സർക്കാരിനുണ്ടായിരുന്നെങ്കിൽ ജനുവരി 22വരെ ശബരിമലയിൽ തൽസ്ഥിതി തുടരാൻ തയ്യാറാകുമായിരുന്നെന്ന് സെൻകുമാർ പ്രതികരിച്ചു. പന്തളത്ത് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സർക്കാരിനെതിരെയുള്ള സെൻകുമാറിന്റെ വിമർശം.

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താൽപര്യങ്ങളും കാണും, അവരൊക്കെ അത് പ്രസംഗിക്കുകയും ചെയ്യും. പക്ഷേ പൊലീസ് പ്രവർത്തിക്കേണ്ടത് നിയമ പ്രകാരം മാത്രമാണെന്ന് സെൻകുമാർ പറഞ്ഞു. രഹ്ന ഫാത്തിമയടക്കമുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് പിന്നിൽ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലായിരുന്നു പ്രായശ്ചിത്ത ചടങ്ങുകൾ. ശബരിമലയിലെ പൊലീസ് നടപടികൾക്ക് പ്രായശ്ചിത്തം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്.