novel

''നമ്മുടെ ഇടതു ഭാഗം എന്നു പറയുമ്പോൾ..'
എസ്.ഐ ആർജവ് ആറിന്റെ വലതു ഭാഗത്തേക്കു കൈ ചൂണ്ടി.


''അവിടെ ആ ഇരുണ്ട പ്രദേശം തന്നെ ആകാനാണ് സാദ്ധ്യത. കാരണം ഇക്കരെ വീടുകളും വെളിച്ചവുമുണ്ട്.'
''അതിൽ ഒന്നിൽ ആയിക്കൂടേ വിജയ?' ബഞ്ചമിനു സന്ദേഹം.


''പക്ഷേ അത്രയും വീടുകൾ ഉള്ള ഭാഗത്ത് അവളെ ഒളിപ്പിക്കുമെന്നു കരുതാൻ വയ്യ.'
വിഷ്ണുദാസ് പറഞ്ഞു.


ഉദേഷ്‌കുമാർ പെട്ടെന്ന് സെൽഫോൺ എടുത്ത് റാന്നി എസ്.ഐയെ വിളിച്ചു. അയാളുടെ പരിചയക്കാരനായിരുന്നു എസ്.ഐ.
ആ ഇരുണ്ട പ്രദേശത്തെക്കുറിച്ച് ഉദേഷ്‌കുമാർ തിരക്കി.


''ഇപ്പം പറയാം.'
റാന്നി എസ്.ഐ ആരോടോ വിവരം തിരക്കുന്നത് ഫോണിലൂടെ കേട്ടു. അല്പം കഴിഞ്ഞ് മറുപടി കിട്ടി:
''അത് ഒരു വിദേശ മലയാളിയുടെ ജാതിത്തോട്ടമാണ്. അതിനുള്ളിൽ ഒരു വീടുണ്ട്.'
ഉദേഷ്‌കുമാർ പിടഞ്ഞുണർന്നു.


''അവിടെ എത്താനുള്ള വഴി?'
''വേണമെങ്കിൽ ഞാൻകൂടി വരാമെടോ.'
''വേണ്ട... വഴി പറഞ്ഞാൽ മതി.'


''പാലം ഇറങ്ങി മുന്നോട്ടു വരുമ്പോൾ ആദ്യം ഇടത്തേക്ക്. അടുത്ത തിരിവിൽ പിന്നെയും ഇടത്തേക്ക്. ആ വഴി കെട്ടിടത്തിലേക്കാണ്.'
''താങ്ക്യൂ. ഞാൻ വിളിക്കാം.'
കാൾ മുറിച്ചിട്ട് ഉദേഷ്‌കുമാർ മറ്റുള്ളവരോടു വിവരം പറഞ്ഞു.
''എങ്കിൽ വേഗം കയറ്.'


ബഞ്ചമിൻ ബൊലേറോയിൽ കയറി. പിന്നാലെ മിന്നൽ വേഗത്തിൽ മറ്റുള്ളവരും.
അപ്പോൾ കെട്ടിടത്തിനുള്ളിൽ...


എങ്ങനെയൊക്കെ തിരിച്ചും മറിച്ചും ചോദിച്ചിട്ടും എസ്.ഐ വിജയ തന്റെ ആദ്യത്തെ അഭിപ്രായത്തിൽ ഉറച്ചുനിന്നു.
''മുസാഫിർ സുബ്രഹ്മണ്യ ഈശോ ആരാണെന്ന് എനിക്കറിയില്ല. അയാൾ നോബിൾ തോമസുമായി എവിടേക്കാണു പോയതെന്നും...'


ഗ്രിഗറിയുടെ ക്ഷമ നശിച്ചുകഴിഞ്ഞിരുന്നു. കസേര പിന്നിലേക്കു തള്ളി അയാൾ കുതിച്ചെഴുന്നേറ്റു.
''ഇന്നലെ കിട്ടിയതൊന്നും പോരേടീ? മര്യാദയ്ക്കു ചോദിച്ചാൽ നീ പറയത്തില്ലെന്ന് എനിക്കറിയാം.'
മുന്നോട്ടു പാഞ്ഞ അയാൾ കൈ വീശി ഒറ്റയടി!
അവളുടെ കരണത്ത്.. പടക്കം പൊട്ടുന്ന ഒച്ചയിൽ.
കൂട്ടാളികൾ പോലും നടുങ്ങി.


വിജയയ്ക്ക് ഉച്ചത്തിൽ ഒന്നു നിലവിളിക്കാൻ പോലും കഴിഞ്ഞില്ല.
അവളുടെ തുറന്ന വായിലൂടെ കട്ടച്ചോര താടിയിലേക്ക് ഒഴുകി. മഞ്ചാടിക്കുരു പോലെ ചോരത്തുള്ളികൾ തറയിലേക്കു ഇറ്റുവീണു.
''അഴിച്ചെറക്കെടാ ഇവളെ...'


കൂട്ടാളികളെ നോക്കി ഗ്രിഗറി മുരണ്ടു. പമ്പാനദിയിൽ ഇവൾക്ക് ജലസമാധി.' ഗ്രിഗറി അലറി.
ഒരാൾ വീടിന്റെ കഴുക്കോലിലൂടെ കടത്തി ജനൽക്കമ്പിയിൽ വലിച്ചുകെട്ടിയിരുന്ന കയർ അഴിക്കാൻ ഭാവിക്കുകയായിരുന്നു....
അടുത്ത നിമിഷം ഗ്രിഗയുടെ ഫോൺ ശബ്ദിച്ചു.


അയാൾ പോക്കറ്റിൽ നിന്ന് അതെടുക്കും മുമ്പേ കട്ടായി.
പുറത്ത് ഇരുളിൽ എത്തിയിരുന്ന എസ്.ഐമാരുടെ സംഘം അകത്തെ ഫോൺ ശബ്ദം കേട്ടു.
''അപ്പോൾ നേരത്തെ പറഞ്ഞതുപോലെ...'


ആർജവ് ശബ്ദം താഴ്ത്തി.
പെട്ടെന്ന് മൂന്നുപേർ കെട്ടിടത്തിനു പിന്നിലെ വാതിൽക്കലേക്കു പോയി. ആർജവും ബിന്ദുലാലും മുന്നിലെ വാതിൽക്കലും എത്തി.
ആർജവ് കൈ ഉയർത്തി വാതിൽപ്പാളിയിൽ ആഞ്ഞു തട്ടി.
''തുറക്കെടാ വാതിൽ...'


ഗ്രിഗറിക്കും കൂട്ടാളികൾക്കും അപകടം മണത്തു.
''പിറകിലെ വാതിൽ വഴി പുറത്തിറങ്ങണം.' അയാൾ കൂട്ടാളികൾക്കു നിർദ്ദേശം നൽകി. പിന്നെ പെട്ടെന്ന് മുറിയിലെ ലൈറ്റ് അണച്ചു.
ശേഷം മൂവരും അടുക്കള ഭാഗത്തെ വാതിൽക്കലേക്കു നീങ്ങി.


ശബ്ദമുണ്ടാക്കാതെ ഗ്രിഗറി വാതിലിന്റെ സാക്ഷ നീക്കി. ശേഷം ഒരു പാളി അല്പം തുറന്നു.
ആ സെക്കന്റിൽ പുറത്തുനിന്ന് ശക്തമായ ചവിട്ടേറ്റു...(തുടരും)