ന്യൂഡൽഹി: ഉത്തർപ്രദേശിൽ അടുത്തിടെയുണ്ടായ കൊലപാതകങ്ങൾ അതീവ ഗുരുതരമായ വിഷയമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വിഷയത്തിൽ വിശദമായി അന്വേഷണം നടത്തണമെന്ന് കാണിച്ച് കോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസയച്ചു.
ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ കുറിച്ച് സി.ബി.ഐയോ പ്രത്യക സംഘമോ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 59 ഏറ്റുമുട്ടൽ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇവരിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിൽ ആണെന്നാണ് ആരോപണം. കൊലപാതകങ്ങളിൽ ആശങ്ക പ്രകടിപിച്ച് യു.എൻ മനുഷ്യാവകാശ കമ്മീഷനും അടുത്തിടെ രംഗത്തെത്തിയിരുന്നു.
ആൾക്കൂട്ട ആക്രമവും, കൊലപാതകവും ഉത്തർപ്രദേശിൽ നിരന്തരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം. കഴിഞ്ഞ മാസമാണ് ഗോവധം ആരോപിച്ച് പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാറിനെ വെടിവച്ച് കൊന്നത്. സംഭവത്തിൽ എഴുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കീഴടങ്ങാത്ത പക്ഷം പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് അറിയിപ്പുണ്ടായിരുന്നു. സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ യോഗേഷ് രാജാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ദാദ്രിയിൽ പശുവിനെ കൊലപ്പെടുത്തി ഭക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു സുബോധ്. ആദ്യഘട്ടത്തിൽ കല്ലേറിനെ തുടർന്നുണ്ടായ പരിക്കാണ് സുബോധിന്റെ മരണത്തിൽ കലാശിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. ഇയാൾ പൊലീസ് വാഹനത്തിൽ നിന്ന് വീഴുന്ന മൊബൈൽ ദൃശ്യവും പൊലീസിന് ലഭിച്ചിരുന്നു.