കൊച്ചി: മുനമ്പം ഹാർബറിൽ മനുഷ്യക്കടത്ത് നടന്നതിനെ കുറിച്ച് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ഡൽഹിയിൽ നിന്ന് സംഘത്തിലെത്തിയവർ ഉൾപ്പടെ 41 പേർ വിവിധ ഹോട്ടലുകളിലായി ചെറായി ബീച്ചിൽ ആറ് ദിവസം തങ്ങിയെന്ന വിവരം പൊലീസിന് ലഭിച്ചു. അധികഭാരം ഒഴിവാക്കാൻ യാത്രക്കാർ ഉപേക്ഷിച്ച ബാഗുകൾ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ശീതളപാനീയങ്ങളും മരുന്നും ശേഖരിച്ച് മുനമ്പത്ത് നിന്ന് ബോട്ട് മാർഗം കടന്നവരിൽ നാല് ഗർഭിണികളും നവജാതശിശുവുമുണ്ട്.
ശനിയാഴ്ച രാവിലെയോടെ മുനമ്പം ഹാർബറിന് അടുത്തുള്ള ബോട്ട് ജെട്ടിയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കൂടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയ പഴവർഗങ്ങൾ, കുടിവെള്ളം, വസ്ത്രങ്ങൾ, ഫോട്ടോകൾ, ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾ, കുട്ടികളുടെ കളിക്കോപ്പുകൾ തുടങ്ങിയവ കണ്ടെത്തിയത്.
സംഘത്തിലെ ചിലർ ഡൽഹിയിൽ നിന്ന് വിമാനമാർഗം കൊച്ചിയിലെത്തുകയായിരുന്നു. ശനിയാഴ്ച കൂടുതൽ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിൽ ഇവരെ കടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്. 27 ദിവസത്തെ യാത്രയ്ക്ക് ഒടുവിലാണ് ബോട്ട് ആസ്ട്രേലിയയിലെത്തുന്നത്. ഡൽഹി സ്വദേശികളായവർ കഴിഞ്ഞ 22നാണ് ചെന്നൈയിലെത്തിയത്. ചെന്നൈയിൽ നിന്ന് സംഘത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി കഴിഞ്ഞ അഞ്ചാം തീയതി ഇവർ ചെറായി ബീച്ചിലെത്തി.
കഴിഞ്ഞ മാസം 22 മുതൽ ജനുവരി പതിനൊന്നാം തീയതി വരെ ഇവർ ബിച്ചിനടുത്തുള്ള ആറ് ഹോട്ടലുകളിൽ താമസിച്ചതായി പൊലീസിന് വിവരം ലഭിച്ചു.12ാം തിയതി പുലർച്ചെ ഇവർ ഹോട്ടൽ മുറി വിട്ടു. ഇവർ ഉപേക്ഷിച്ച് പോയ ബാഗുകളിൽ നിന്ന് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു.
ബോട്ട് വിൽപ്പന നടത്തുന്ന ബ്രോക്കർമാരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കോസ്റ്റ് ഗാർഡും ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2015-ൽ സമാനമായ സംഭവത്തിൽ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.