കോലഞ്ചേരി: അച്ഛനുമായി പിണങ്ങി വീടു വിട്ടിറങ്ങിയ പത്താം ക്ളാസുകാരൻ പൊലീസിനേയും നാട്ടുകാരെയും ബന്ധുക്കളേയും രണ്ടര ദിവസം വട്ടം കറക്കി. ഒടുവിൽ പൊലീസ് കണ്ടെത്തുമ്പോൾ കുട്ടി അകന്ന ബന്ധു വീട്ടിൽ സസുഖം കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അച്ഛനുമായി വഴക്കിട്ട് കുട്ടി വീടു വിട്ടിറങ്ങുന്നത്. അത്യാവശ്യം പണവും വീട്ടിൽ നിന്നും എടുത്തു. രാത്രി പോകുന്ന വഴിക്കു തന്നെ അടുത്ത കൂട്ടുകാരന് വോയിസ് മെസേജ് വഴി താൻ വീടുവിട്ട് പോവുകയാണെന്നും യാത്ര സുഖമാണെന്നും പറഞ്ഞ് മെസേജ് അയച്ചു. പിന്നീട് നാല് വോയിസ് മെസേജ് കൂടെ അയച്ചു നൽകി. ഒടുവിൽ നാട്ടുകാർ മുഴുവൻ തന്നെ വിളിക്കുകയാണെന്നും യാത്ര എവിടെ ചെന്ന് അവസാനിക്കുമെന്നറിയില്ലെന്നും ജീവനുണ്ടെങ്കിൽ കാണാമെന്നും സന്ദേശം അയച്ചശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഫോൺ സ്വിച്ച് ഓഫാകുന്ന ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷിക്കാനായിരുന്നു പൊലീസ് തീരുമാനിച്ചത്. അവിടുത്തെ നാട്ടുകാരേയും ബന്ധുക്കളേയും കൂട്ടി സ്ഥലത്തെത്തുമ്പോൾ പൂർത്തിയാകാത്ത ഫ്ളാറ്റുകളും ആൾ താമസമില്ലാതെ പൂട്ടികിടക്കുന്ന വീടുകളുമാണ് പൊലീസിന് കാണാൻ കഴിഞ്ഞത്. കൂടാതെ സമീപത്ത് ഒരു വലിയ മലയുണ്ടെന്നും മനസിലാക്കി. പൊലീസ് സംഘം അടഞ്ഞ വീടുകൾ തേടി അന്വേഷണമാരംഭിച്ചു പകൽ മുഴുവൻ കറങ്ങിയിട്ടും വീടുകളുടെ എണ്ണം തീർന്നില്ല. പിന്നീട് ഒരു സംഘം സമീപത്തെ മല മുഴുവൻ അരിച്ചു പെറുക്കി . മറ്റൊരു സംഘം പണി തീരാത്ത ഫ്ളാറ്റുകളിലായി അന്വേഷണം. അന്വേഷണം അവസാനിപ്പിക്കാൻ തയ്യാറാകാതെ പൊലീസ് രണ്ടാം ദിവസം മല കയറാൻ തീരുമാനിച്ചു. സി.ഐ ഉൾപ്പടെയുള്ള സംഘം സെർച്ച് ലൈറ്റുമായി രണ്ടാം ദിന ഓപ്പറേഷൻ തുടങ്ങി. ഈ സമയമത്രയും കാണാതായ കുട്ടി ടവർ ലൊക്കേഷനും കഴിഞ്ഞ് കിലോ മീറ്ററുകൾക്കപ്പുറമുള്ള അകന്ന ബന്ധു വീട്ടിലുണ്ടായിരുന്നു. കുട്ടി ഇടയ്ക്ക് വരാറുള്ളതു കൊണ്ട് വീട്ടുകാരും കാര്യമാക്കിയില്ല. പതിവു വരവാണെന്നു ധരിച്ചു. രണ്ട് ദിവസം കഴിയുമ്പോഴാണ് മറ്റൊരു ബന്ധു വഴി പൊലീസും ബന്ധുക്കളും കുട്ടിക്കു വേണ്ടി തകൃതിയായ അന്വേഷണത്തിലാണെന്നറിയുന്നത്. ഒടുവിൽ കുട്ടിയെ സ്റ്റേഷനിലെത്തിച്ച് പൊലീസിന്റെ രണ്ടര ദിവസത്തെ പെടാപ്പാട് അവസാനിപ്പിച്ചു. കാണാതായതിന് കേസെടുത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.