ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ടി.വി സീരീസാണ് 'ഗെയിം ഒഫ് ത്രോൺസ്'. നിരവധി സീരീസുകൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും ജി.ഒ.ടിക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. ഓരോ സീസണും പ്രേക്ഷകർ ആവേശത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത്. എന്നാൽ അവസാനത്തെ സീസൺ റിലീസിംഗ് പ്രഖ്യാപിച്ചു കൊണ്ടുള്ള ടീസർ അണിയറക്കാർ പുറത്തിറക്കി.
വിന്റർഫെലിലെ സ്റ്റാർക്ക് കുടുംബത്തിന്റെ പിൻമുറക്കാരായ ജോൺ സ്നോ, ആര്യ സ്റ്റാർക്ക്, സൻസ സ്റ്റാർക്ക് എന്നിവർ ഒന്നിക്കുന്നതും വരാനിരിക്കുന്ന യുദ്ധത്തെ നേരിടാൻ തയ്യാറെടുക്കുന്നതോടെ ടീസർ അവസാനിക്കുകയാണ്. ഈ സീസണോടെ എട്ട് വർഷത്തെ ജൈത്രയാത്രക്കാണ് പരിസമാപ്തി കുറിക്കുന്നത്. 2011ലാണ് ഗെയിം ഒഫ് ത്രോൺസിന്റെ ആദ്യ സീസൺ പുറത്ത് വന്നത്. പിന്നീട് വൻ ജനപ്രീതി നേടുകയായിരുന്നു സീരീസ്. അവതരണ ശൈലികൊണ്ടും ത്രില്ലടിപ്പിക്കുന്ന കഥകൊണ്ടുമാണ് ജി.ഒ.ടി പ്രേക്ഷകരെ സമ്പാദിച്ചത്. 2019 ഏപ്രിൽ 14നാണ് പുതിയ സീസൺ എത്തുന്നത്.