സച്ചിൻ ടെൻഡുൽക്കറുടെ നാലാമിന്നിംഗ്സ് കണക്കുക്കളുടെ സത്യാവസ്ഥയെന്താണ്? ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഫാൻബേസ് എത്ര വലുതാണ്? പി.വി.സിന്ധുവിന്റെ ഗെയിമിലെ ദുർബലമായ കണ്ണി ഏതാണ്?
വിഷയം ഏതുമാകട്ടെ'കളിക്കളം' എന്ന കായിക പ്രേമികളുടെ വാട്ട്സ് ആപ് ഗ്രൂപ്പിലെ ചർച്ചകൾക്ക് നാട്ടിൻപുറത്തെ മക്കാനകളിലെ കട്ടനേക്കാൾ ചൂടു കൂടുതലാണ്. മറ്റു പല വാട്ട്സ് ആപ് ഗ്രൂപ്പുകളിൽ നിന്നും വിഭിന്നമായി കായികവിഷയങ്ങളിൽ മാത്രമൊതുങ്ങി നിൽക്കുന്ന ചർച്ചകളാണ് കളിക്കളത്തെ ശ്രദ്ധേയമാക്കുന്നത്. പീക്ക് സമയത്തെ,ഗ്രൂപ്പിലെ മെസേജ് ട്രാഫിക്ക് അതിശയിപ്പിക്കും വിധമാണ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗ്രൂപ്പ് അംഗങ്ങളുടെ ആദ്യ ഒത്തു ചേരൽ കഴിഞ്ഞ ദിവസം കടവന്ത്ര ജോജോ ഫുട്‌ബോൾ അരീനയിൽ നടന്നു. വാട്ട്സ് ആപ് ഗ്രൂപ്പ് പരിധി ആയ 256 അംഗങ്ങളുള്ള കളിക്കളം ജനപ്രിയ കായികയിനങ്ങളായ ഫുട്ബാളിലും,ക്രിക്കറ്റിലും മാത്രമൊതുങ്ങി നിൽക്കാതെ ആവിഷ്‌കൃതമായ കായികയിനങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന ഘടനാ സമ്പ്രദായത്തിലാണ് പ്രവർത്തിക്കുന്നത്.
കായിക ഇനങ്ങളെപ്പറ്റി സംസാരിച്ചും ഫുട്‌ബോൾ കളിച്ചും ആദ്യ ഒത്തുകൂടൽ സംഘം ആഘോഷമാക്കി.
വാട്ട്സ് ആപിൽ മണിക്കൂറുകളോളം,മെസ്സിയുടെയും,റൊണാൾഡോയുടെയും കേളീശൈലികളെപറ്റി തർക്കിച്ചവർ ആദ്യമായി കണ്ടു. മതി വരവോളം നേരിൽ സംസാരിച്ചു.ഗ്രൂപ്പിലെ വി.ഐ.പി. അംഗങ്ങളായ പ്രശസ്ത കമന്റേറ്റർ ഷൈജു ദാമോദരൻ അടക്കമുളളവർ ഒരു ചെറുചിരിയോടെ,അതിലേറെ അത്ഭുതത്തോടെ ഒരു ഓൺലൈൻ കൂട്ടായ്മയുടെ കായികപ്രേമത്തെ നോക്കി നിന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫുട്ബാൾ കരിയറിലെ ഏറ്റവും മികച്ച ഒരു നിമിഷത്തെ തന്റെ അതിശയിപ്പിക്കുന്ന ശബ്ദഗാംഭീര്യത്താൽ അമരത്വമേകിയ ഷൈജുവിന്റെ മാന്ത്രികശബ്ദം കളിക്കളം ഗ്രൂപ്പിന്റെ കായീക സംഗമത്തെ ധന്യമാക്കി.ഒടുവിൽ വിക്ടർ മഞ്ഞിലയെന്ന മലയാളിയുടെ ഫുട്ബാൾ ആചാര്യന്റെ സാന്നിധ്യം കൂടിയായപ്പോൾ ആ സായാഹ്നം അവിസ്മരണീയമാകുകയായിരുന്നു.അദ്ദേഹത്തെ ആദരിച്ചുകൊണ്ട് ചടങ്ങവസാനിക്കമ്പോൾ ആദ്യന്തം ആവേശം മുറ്റിനിന്ന ഒരു ഫുട്ബാൾ മത്സരം കണ്ട പ്രതീതിയിലായിരുന്നു എല്ലാ അംഗങ്ങളും.