accident

നിലമേൽ: ചെറിയ അപകടങ്ങളൊക്ക പല ദിവസങ്ങളിലും എം.സി റോഡിലുണ്ടാവാറുണ്ടെങ്കിലും ഇത്രയും ഞെട്ടിപ്പിക്കുന്ന ഒരപകടം കൺമുന്നിൽ കാണേണ്ടിവന്ന വേദനയിലാണ് ആയൂർ കമ്പംകോട് നിവാസികൾ. അപകടസ്ഥലം കണ്ട് ഇന്നലെയും നൂറുകണക്കിന് പേരാണ് വാഹനങ്ങൾ നിർത്തി വിവരമന്വേഷിക്കുന്നത്. ക്ഷേത്രദർശനം കഴിഞ്ഞ നിർവൃതിയിൽ സന്തോഷത്തോടെ വീട്ടിലേയ്ക്ക് മടങ്ങവേയാണ് രണ്ട് കുടുംബങ്ങൾ അപ്പാടെ ഇല്ലാതായത്. കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കാറും നേർക്ക് നേർ ഇടിക്കുകയായിരുന്നു. ടിപ്പർ ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേയായിരുന്നു അപകടം.

ഗൾഫിൽ പോയി രണ്ട് വർഷം കഴിഞ്ഞ മനോജും സുരേഷ് കുമാറും നാട്ടിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടെയാണ് ജീവിതം അപ്പാടെ തകർത്തെറിഞ്ഞ ദുരന്തവാർത്ത അറിയുന്നത്. ഭാര്യയും രണ്ട് മക്കളും കൂടാതെ സഹോദരിയും ഏക മകളും മരണത്തിന് കീഴടങ്ങിയ വാർത്തയാണ് സുരേഷ് കുമാറിന് കേൾക്കേണ്ടി വന്നത്. എൻജിനിയറിംഗ് പഠനം നല്ല നിലയിൽ പൂർത്തിയാക്കി മകളെ വിവാഹം കഴിപ്പിക്കണമെന്ന മോഹവുമായാണ് മനോജ് ഗൾഫിൽ തങ്ങിയത്. പക്ഷേ പ്രതീക്ഷകളപ്പാടെ ഞൊടിയിടയിൽ തകർന്ന് വീഴുകയായിരുന്നു.