സന്നിധാനം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ഗായിക പി.സുശീലക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മകരവിളക്ക് ദിനമായ ജനുവരി 14ന് സന്നിധാനത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്കാരം ഗായികയ്ക്ക് നൽകിയത്. ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാർ, തമിഴ് നടൻ ജയം രവി എന്നിവരും സന്നിഹിതരായിരുന്നു.
ഹരിവരാസനം പുരസ്കാരത്തിന് അർഹയായ ഗായിക പി.സുശീല രാവിലെ സന്നിധാനത്ത് എത്തിയിരുന്നു. പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് പി.സുശീല പറഞ്ഞു. ഈ അവാർഡ് ഭഗവാൻ തനിക്ക് സമ്മാനിച്ചതാണ്. സന്നിധാനത്തേക്ക് വരാനും ദർശനം നടത്താനും ഭഗവാൻ അവസരം നൽകിയതാണെന്നും പി.സുശീല കൂട്ടിച്ചേർത്തു. ആദ്യമായാണ് സന്നിധാനത്ത് എത്തുന്നത് അതിനാൽ വലിയ സന്തോഷമുണ്ടെന്നും ഗായിക വ്യക്തമാക്കി.
2012മുതലാണ് ഹരിവരാസനം പുരസ്കാരം നൽകി വരുന്നത്. കെ.ജെ.യേശുദാസ്, ജയവിജയ, പി.ജയചന്ദ്രൻ, എസ്.പി.ബാലസുബ്രമണ്യം, എം.ജി ശ്രീകുമാർ, ഗംഗൈ അമരൻ, കെ.എസ് ചിത്ര എന്നിവരാണ് മുൻ വർഷങ്ങളിൽ പുരസ്കാരം നേടിയത്. ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷൻ ജസ്റ്റിസ് സിരിജഗൻ, ദേവസ്വം കമീഷണർ എൻ വാസു, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.