അമിത രക്തസമ്മർദ്ദത്താൽ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സെറിബ്രൽ ഹെമറേജ്. രക്തസമ്മർദ്ദം കൂടി തലച്ചോറിലേക്കുള്ള രക്തധമനികൾ പൊട്ടി തലച്ചോറിൽ രക്തസ്രാവമുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അതിസങ്കീർണമായ ഈ അവസ്ഥ മരണകാരണമാകും.
ആളുകൾ കുഴഞ്ഞുവീണു മരിച്ചു എന്നു പലപ്പോഴായി നാം കേൾക്കുന്നുണ്ടല്ലോ. അതിൽ പ്രധാനവില്ലൻ സെറിബ്രൽ ഹെമറേജ് തന്നെയായിരിക്കും. അതിശക്തമായ തലവേദനയോടെ പെട്ടെന്ന് തലച്ചോറിൽ ഒരു പൊട്ടിത്തെറി പോലെ ഉണ്ടാകുന്നു. രക്തത്തിൽ കൊളസ്‌ട്രോളും ഷുഗറും കൂടുന്നതും രോഗസാധ്യത പതിന്മടങ്ങായി വർദ്ധിപ്പിക്കും. അപൂർവമായി ജന്മനാ രക്തക്കുഴലുകൾ ദുർബലമായ ചിലരുമുണ്ടാകും. അങ്ങനെയുള്ളവർക്ക് നേരിയ രക്താതിമർദ്ദമുണ്ടായാൽ പോലും സെറിബ്രൽ ഹെമറേജ് വരാം.
ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് രക്താതിസമ്മർദ്ദം. പാരമ്പര്യവും ഒരു പ്രധാനഘടകമായി കാണുന്നു. മാതാപിതാക്കളിൽ ഹൈപ്പർടെൻഷൻ ഉണ്ടെങ്കിൽ മക്കളിൽ രക്താതിസമ്മർദ്ദത്തിനുള്ള സാധ്യത 50 ശതമാനമായി കണക്കാക്കുന്നു. പുകവലി, അമിതവണ്ണം, മാനസിക സംഘർഷം, പ്രമേഹം തുടങ്ങിയവയും രക്താതിസമ്മർദ്ദത്തിന് കാരണമാകും. മിക്കവാറും ആളുകളിൽ രക്താതിസമ്മർദ്ദത്തിന് വ്യക്തമായ രോഗലക്ഷണങ്ങളൊന്നുമുണ്ടാകണമെന്നില്ല. എന്നാൽ ഹൃദയം, വൃക്ക, തലച്ചോർ തുടങ്ങിയ ആന്തരികാവയവങ്ങളിലെ പ്രവർത്തനങ്ങളെ ബാധിക്കുമ്പോൾ ചില ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്ന് വരാം.
ഡോ. പി.കെ ഉപേഷ് ബാബു,
ശ്രീ സത്യസായി ഹോമിയോപതിക് ക്ലിനിക്,
മാർക്കറ്റ് റോഡ്, പെരുമ്പ,
പയ്യന്നൂർ.
ഫോൺ: 9447687432, 04985 204586