മുംബയ്: യുവതിയായ വീട്ടമ്മയോട് അശ്ലീലം പറഞ്ഞആളെ സ്ത്രീകൾ സംഘംചേർന്ന് പഞ്ഞിക്കിട്ടു. ഇതൊന്നും പോരാഞ്ഞ് അയാളെ വീട്ടിലെത്തിച്ച് ഭാര്യയുടെ മുന്നിൽവച്ച് സ്ത്രീയോട് പരസ്യമായി മാപ്പുപറയിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഡോംബിവില്ലി ഗ്രാമത്തിൽ നടുറോഡിൽ നടന്ന സംഭവം വീഡിയോ ദൃശ്യങ്ങളിലൂടെയാണ് പുറത്തറിഞ്ഞത്.
ഇലക്ട്രീഷ്യനായ തുഷാർ ബൻസോയാണ് സ്ത്രീകളുടെ കൈക്കരുത്ത് അറിഞ്ഞത്. ഗ്രാമത്തിൽ കടനടത്തുന്ന ഇയാൾ വീടിനടുത്ത് താമസിക്കുന്ന വിവാഹമോചനം നേടിയ സ്ത്രീയെയാണ് പതിവായി ശല്യപ്പെടുത്തിയിരുന്നത്. അശ്ലീലം പറയുന്നതിനൊപ്പം കുട്ടിയെ അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ശരീരത്തിൽ സ്പർശിക്കാനും തുടങ്ങിയതോടെ യുവതി സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള സംഘടനയിൽ പരാതിപ്പെട്ടു.
പരാതിയെക്കുറിച്ചന്വേഷിക്കാൻ സംഘടനാപ്രവർത്തകർ തുഷാറിന്റെ കടയിലെത്തി. സംഘത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു തുഷാറിന്റെ പ്രതികരണം. ഇതോടെ കലികയറിയ സംഘടനാപ്രവർത്തകർ തുഷാറിനെ കൈവച്ചു.വളഞ്ഞിട്ട് തല്ലിയതിനാൽ ഒാടിരക്ഷപ്പെടാനും കഴിഞ്ഞില്ല. ചെരുപ്പുകൊണ്ടുള്ള അടിയേറ്റ് തുഷാർ അവശനായി.എന്നിട്ടും അരിശം തീരാതെ ഷർട്ടിന്റെ കോളറിൽ തൂക്കി തെരുവിലൂടെ നടത്തിച്ച് അയാളുടെ വീട്ടിലെത്തിച്ചു.
ഭാര്യയെ വിളിച്ചിറക്കി അവരോട് കാര്യങ്ങളെല്ലാം പറഞ്ഞു.പിന്നീട് ഭാര്യയുടെ മുന്നിൽവച്ചുതന്നെ ഇരയായ സ്ത്രീയുടെ കാലിൽപ്പിടിച്ച് മാപ്പു പറയിക്കുകയും ചെയ്തു.സംഘടനാ പ്രവർത്തകർ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയതും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും. വീഡിയോ ശ്രദ്ധയിൽപ്പെട്ടെന്നും എന്നാൽ ആരും പരാതിനൽകിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.