modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വെബ്സെെറ്റിൽ സുരക്ഷാ വീഴ്‌ച്ചയുണ്ടെന്ന് ഫ്രഞ്ച് സൈബർ സുരക്ഷാ ഗവേഷകനും എത്തിക്കൽ ഹാക്കറുമായ എല്ലിയോട്ട് ആൽഡേഴ്‌സൻ മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയാണ് ആൽഡേഴ്‌സൻ ഇക്കാര്യം അറിയിച്ചത്. വെബ്‌സൈറ്റിൽ നുഴഞ്ഞു കയറിയ അജ്ഞാതൻ തന്റെ പേരടങ്ങുന്ന ടെക്സ്റ്റ് ഫയൽ അതിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്നും, അയാൾക്ക് ഇതിനോടകം വെബ്‌സൈറ്റിലെ മുഴുവൻ വിവരങ്ങളും കൈക്കലാക്കാൻ സാധിച്ചിട്ടുണ്ടെന്നും അൽഡേഴ്‌സൺ ട്വീറ്റ് ചെയ്‌തു. താനുമായി നേരിട്ട് ബന്ധപ്പെടണമെന്നും സുരക്ഷാപരിശോധന ആരംഭിക്കണമെന്നും അല്‍ഡേഴ്‌സൻ പറഞ്ഞു.

അതേസമയം, അല്‍ഡേഴ്‌സണിന്റെ ട്വീറ്റ് ശ്രദ്ധിച്ച മോദി വെബ്‌സൈറ്റ് ഡെവലപ്പർമാർ അദ്ദേഹവുമായി ഉടൻതന്നെ ബന്ധപ്പെട്ടുവെന്നാണ് വിവരം. നരേന്ദ്രമോദി വെബ്‌സൈറ്റ് സംഘവുമായി ആശയവിനിമയം നടത്തിയെന്നും പ്രശ്‌നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പിന്നീട് അൽഡേഴ്‌സൻ ട്വീറ്റ് ചെയ്‌തു. സൈബർ ലോകത്ത് പ്രസിദ്ധനായ ആൽഡേഴ്‌സണിന്റെ യഥാർത്ഥ പേര് റോബർട്ട് ബാപ്‌റ്റിസ്റ്റ് എന്നാണ്. ആധാറിന്റെ സുരക്ഷാ വീഴ്ചകൾ നിരന്തരം ചോദ്യം ചെ‌‌യ്‌തും സർക്കാർ വെബ്‌സൈറ്റുകളിലെ സുരക്ഷാ വീഴ്‌ചകൾ കണ്ടെത്തിയും എത്തിക്കൽ ഹാക്കിംഗ് രംഗത്ത് എല്ലിയോട്ട് ആൽഡേഴ്‌സൺ ശ്രദ്ധനേടിയിട്ടുണ്ട്.