മുംബയ്: രാത്രി കിടക്കുന്നതിനു മുൻപ് വീടിന്റെ വാതിലും ജനലും എന്തിന് കോഴിക്കൂട് പോലും കൃത്യമായി അടച്ചിട്ടുണ്ടോ എന്ന് വീണ്ടും വീണ്ടും നോക്കി ബോദ്ധ്യപ്പെടുന്നവരാണ് നമ്മൾ. അങ്ങനെയെങ്കിൽ വീടിന് മാത്രമല്ല, അലമാരയ്ക്ക് പോലും വാതിലും പൂട്ടും ഇല്ലാത്തവരുടെ നാടിനെക്കുറിച്ച് കേട്ടാലോ.. അങ്ങനെയൊരു നാടുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിന് സമീപം ശനി ഷിഗ്നാപൂർ ഗ്രാമത്തിലാണ് ഈ അപൂർവ സവിശേഷത. പക്ഷേ, വാതിലുകളില്ലെങ്കിലും അവിടെ ഇതുവരെയും ഒരുമോഷണവും നടന്നിട്ടില്ലത്രെ!
തങ്ങളെയും തങ്ങളുടെ സ്വത്തുക്കളെയും മുഴുവനായും ശനി ഭഗവാൻ സംരക്ഷിച്ചുകൊള്ളും എന്നാണ് ഇവിടത്തെ ഗ്രാമവാസികളുടെ വിശ്വാസം. ഈ ഗ്രാമത്തിന്റെ ഇഷ്ടദൈവമാണ് ശനിഭഗവാൻ. മാത്രമല്ല, ഗ്രാമത്തിലെ എല്ലാ വീടുകളിലും ശനിഭഗവാന്റെ ഒരു രൂപമെങ്കിലും ആരാധിക്കാനായി കാണും. വാതിലില്ലെങ്കിലും അതിന്റെ ഭംഗികേട് തോന്നാതിരിക്കാൻ അവർ വാതിൽപടിയ്ക്ക് ചുറ്റുമുള്ള ഭാഗം ചിത്രങ്ങൾ കൊണ്ടും പൂക്കൾകൊണ്ടും അലങ്കരിക്കുകയും ചെയ്യും.
എന്തുകൊണ്ടാണ് ഇവിടെ വാതിലുകൾ വയ്കാത്തത് എന്ന ചോദ്യത്തിനും ഗ്രാമവാസികൾക്ക് ഉത്തരമുണ്ട്. ഒരിക്കൽ ഇവിടുത്തെ ഒരു ഗ്രാമവാസിയുടെ സ്വപ്നത്തിൽ ശനിഭഗവാൻ പ്രത്യക്ഷപ്പെട്ടത്രെ. ഉറക്കത്തിൽ കിടന്ന അയാളോട് ഭഗവാൻ ചോദിച്ചു എന്തിനാണ് നിങ്ങളുടെ വീട്ടിൽ വാതിലുകൾ വച്ചിരിക്കുന്നതെന്ന്.
തങ്ങളുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നല്കാനാണ് ഇതെന്നായിരുന്നു ആ ഭക്തന്റെ മറുപടി. എന്നാൽ താൻ ഉള്ളപ്പോൾ അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞ ശനിഭഗവാൻ താമസം കൂടാതെ വീടിന്റെ വാതിലുകൾ നശിപ്പിക്കുവാനും പറഞ്ഞുവത്രെ!