ജയ്പൂർ: നദികളും പുഴകളുമൊക്കെ കടലിലോ അതിനോട് ചേർന്ന തടാകങ്ങളിലോ അവസാനിക്കുന്നതാണോ? രാജസ്ഥാനിലെ ലൂണി നദിയെ അറിയുന്നവർ പറയും അല്ലെന്ന്. 495 കിലോമീറ്റർ താണ്ടിയുള്ള ലൂണി നദിയുടെ യാത്ര അവസാനിക്കുന്നത് ഗുജറാത്തിലെ റാൻ ഒഫ് കച്ചിന്റെ വരണ്ട നിലങ്ങളിലാണ്. ആരവല്ലി പർവതനിരയുടെ ഭാഗമായ നാഗ കുന്നുകളിൽ നിന്നാണ് ലൂണി നദി ഉത്ഭവിക്കുന്നത്.
അജ്മീർ ജില്ലയിലാണ് ഒരു പറ്റം ചെറിയ ഉറവകൾ ചേർന്നു ലൂണി നദിയായി മാറുന്നത്. സാഗർമതി എന്നാണ് ലൂണിയുടെ ആരംഭഘട്ടത്തിലെ പേര്. ഇവിടെ നിന്ന് തെക്കുപടിഞ്ഞാറൻ ദിശയിലേക്കാണ് ലൂണി ഒഴുകുന്നത്. താർ മരുഭൂമിയുടെ തെക്കൻ ഭാഗങ്ങളിൽ വെള്ളം എത്തിക്കുന്നതും ലൂണിതന്നെ.
എന്നാൽ നിറഞ്ഞൊഴുകുന്ന മൺസൂണിൽ പോലും റാൻ ഒഫ് കച്ചിലേക്കെത്തുമ്പോഴേക്കും ലൂണി നദി ശോഷിക്കും. അവസാനഭാഗത്ത് ഏതാനും ഉറവകളായും പിന്നീട് നീർച്ചാലുകളായും ലൂണി നദി മാറും. ഇവ സൂര്യതാപമേറ്റ് ആവിയായി പോവുകയും ചെയ്യും. നിറഞ്ഞൊഴുകുമ്പോൾ പോലും ലൂണി നദി റാൻ ഒഫ് കച്ചിലെത്തി ശോഷിച്ച് അവസാനിക്കുന്നു എന്നതാണ് വിചിത്രം!
ഇതിന് പിന്നിലെ കാരണമന്വേഷിച്ചവർ എത്തിച്ചേർന്നത് ഇങ്ങനെയാണ്. റാൻ ഒഫ് കച്ചിലെ മണൽപ്പരപ്പിനെ മറ്റു പ്രദേശങ്ങളിലെ മണ്ണിനെയെന്ന പോലെ വകഞ്ഞു മാറ്റാൻ വെള്ളത്തിനു കഴിയില്ല. മാത്രമല്ല, പ്രദേശത്തെ ഉയർന്ന താപനില ജലം വേഗത്തിൽ ആവിയാക്കി മാറ്റുകയും ചെയ്യും.