ശബരിമല വിഷയത്തിൽ കേരളത്തിലെ ജനങ്ങൾ ഉചിതമായ തീരുമാനമെടുക്കുന്നതാണ് നല്ലത് എന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിപ്രായം വളരെയേറെ പ്രസക്തമാണ്. ദുബായ് സന്ദർശനത്തോടനുബന്ധിച്ച് മാദ്ധ്യമങ്ങളുമായി സംസാരിക്കവേയാണ് ഈ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചത്.
രാഹുൽ ഗാന്ധിയുടെ നിർദേശം വളരെ ശരിയായിട്ടുള്ളതാണ്. ഏതൊരു സാമൂഹ്യ മാറ്റത്തിനും അനുകൂലമായ ജനാഭിപ്രായം ജനങ്ങളിൽ നിന്നുതന്നെയാണ് ഉരുത്തിരിയേണ്ടത്. അന്തിമ വിധികർത്താക്കൾ ജനങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ശബരിമല യുവതി പ്രവേശന കാര്യത്തിൽ ജനഹിതം കൃത്യമായും അറിയേണ്ടതായിട്ടുണ്ട്. അതിനുള്ള വ്യവസ്ഥാപിത മാർഗം ഈ പ്രശ്നത്തെ മുൻനിറുത്തി ഒരു ഹിതപരിശോധന നടത്തുക എന്നത് തന്നെയാണ്. ഇക്കാര്യത്തിൽ തികച്ചും മാതൃകാപരമായ ഒരു കീഴ്വഴക്കം നമുക്ക് ചൂണ്ടിക്കാണിക്കാനാകും.
കോൺഗ്രസ് തീരുമാനമനുസരിച്ച് മന്നത്ത് പത്മനാഭൻ അദ്ധ്യക്ഷനും കെ.കേളപ്പൻ സെക്രട്ടറിയുമായി രൂപവത്കരിച്ച സത്യാഗ്രഹസമിതി നയിച്ച ഗുരുവായൂർ സത്യഗ്രഹത്തോടനുബന്ധിച്ച് 1932 ഡിസംബർ 3 ന് നടന്ന ഹിതപരിശോധന ചരിത്രത്തിന്റെ ഭാഗമാണ്. 1931 നവംബർ 1നാണ് ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്. അന്ന് കോൺഗ്രസ് നേതാവായിരുന്ന എ.കെ. ഗോപാലൻ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്ടനായിരുന്നു.
ഗുരുവായൂർ ക്ഷേത്രം സ്ഥിതിചെയ്യുന്ന പൊന്നാനി താലൂക്കിലെ സവർണരുടെ ഇടയിൽ ഹിതപരിശോധന നടത്താനായി നിർദ്ദേശം നൽകിയത് അന്ന് യെർവാദ ജയിലിലായിരുന്ന മഹാത്മാഗാന്ധി ആയിരുന്നു. ഇതിനായി തന്റെ ധർമ്മപത്നി കസ്തൂർബ ഗാന്ധിയെ നിയോഗിക്കുകയും ചെയ്തു. സാമൂതിരിയെ കണ്ട് കാര്യങ്ങൾ ഗ്രഹിപ്പിക്കുന്നതിനായി പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, ലാലുഭായ് സമൽദാസി് എന്നിവരെയും അയച്ചത് ഗാന്ധിജിയായിരുന്നു. കെ. മാധവൻ നായരായിരുന്നു ഹിതപരിശോധനയുടെ ചുമതല വഹിച്ചത്. അപ്രകാരം പൊന്നാനി താലൂക്കിലെ 27,470 സവർണ്ണ വോട്ടർമാരിൽ 20,750 പേർ വോട്ട് രേഖപ്പെടുത്തിയതിൽ 15,570 പേർ (77%) ക്ഷേത്രപ്രവേശനത്തിന് അനുകൂലമായിരുന്നു. അത് വമ്പിച്ച വിജയമായിരുന്നു. എന്തുകൊണ്ട് ആ തരത്തിലുള്ള ജനാധിപത്യപരമായ സമീപനം ശബരിമല യുവതി പ്രവേശന കാര്യത്തിൽ സ്വീകരിച്ചുകൂടാ.?
സർക്കാർ നിലപാടിന് സ്ത്രീപിന്തുണയുണ്ടെന്ന് വരുത്തി തീർക്കാൻ വേണ്ടി വനിതാ മതിൽ തീർക്കുന്നത് നിരർഥകമാണ്. ജനാധിപത്യപരമായ ഹിതപരിശോധനയിലൂടെ മാത്രമേ ജനപിന്തുണ ബോധ്യപ്പെടുത്താനാകൂ. 1932 ഡിസംബർ 3ന് ജനഹിതം ആരായുന്നതിന് ഹിതപരിശോധന നടത്താൻ കഴിഞ്ഞെങ്കിൽ ഈ ജനാധിപത്യ കാലഘട്ടത്തിൽ വ്യവസ്ഥാപിതമായ മാർഗത്തിലൂടെ ജനഹിതം ആരായാൻ നടപടി സ്വീകരിക്കാൻ എന്തിന് മടിക്കുന്നു.? ശബരിമല വിഷയത്തിൽ ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ ഒരു ഹിതപരിശോധനയിലൂടെ ജനങ്ങൾ തീർപ്പ് കൽപ്പിക്കുന്നത് തന്നെയാണ് അഭികാമ്യമായിട്ടുള്ളത്.
ഹിതപരിശോധനയുടെ നടത്തിപ്പ്, നടപടിക്രമങ്ങൾ, വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കുന്നതിലെ മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും മറ്റ് ബന്ധപ്പെട്ട സാമൂഹ്യആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുമായി ചർച്ച ചെയ്യാവുന്നതാണ്. തുടർന്ന് നിയമസഭ തന്നെ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് സമവായത്തിന്റെ അടിസ്ഥാനത്തിൽ ഹിതപരിശോധന സംബന്ധിച്ച സർവ്വ മാർഗനിർദ്ദേശങ്ങൾക്കും രൂപം കൊടുക്കുകയും ചെയ്യാം.അടിയന്തരമായി സർക്കാർ ഇക്കാര്യം അനുകൂലമായി പരിഗണിക്കുകയും സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി ഹിതപരിശോധനയ്ക്ക് അവസരമൊരുക്കുകയും വേണം എന്നാണ് എന്റെ അഭ്യർത്ഥന.