kanhaiya-kumar

ന്യുഡൽഹി: ജെ.എൻ.യുവിൽ 2016 ഫെബ്രുവരി ഒൻപതിന് മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറും, വിദ്യാർഥികളായ ഉമർ ഖാലിദും അനിർബൻ ഭട്ടാചാര്യയും രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന കേസിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇവരുൾപ്പെടെ പത്ത് പേർക്കെതിരെയാണ് കുറ്റപത്രം. പട്യാല കോടതിയിൽ സമർ‍പ്പിച്ച കുറ്റപത്രത്തിൽ 1200 പേജുകളുണ്ട്.

ഇവർ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിന് തെളിവുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു. 2016ൽ അഫ്സൽ ഗുരു അനുസ്മരണം നടത്തിയത് രാജ്യദ്രോഹ നടപടി ആണെന്ന് പൊലീസ് പറഞ്ഞു. കേസ് അവസാന ഘട്ടത്തിലാണെന്ന് ഡൽഹി പൊലീസ് കമ്മീഷണർ അമൂല്യ പട്നായിക് അറിയിച്ചു.

അഫ്സൽ ഗുരു അനുസ്മരണം നടത്തിയതിന് മൂവരെയും അറസ്റ്റ് ചെയ്തത് രാജ്യവ്യാപകപ്രതിഷേധത്തിനിടയാക്കിയിരുന്നു. സിപിഐ നേതാക്കളായ ആനി രാജയുടെയും ഡി. രാജയുടെയും മകളായ അപരാജിത രാജ ഉൾപ്പെടെ മറ്റു 36 വിദ്യാർഥികൾക്കെതിരെ പ്രത്യക്ഷ തെളിവില്ല എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

''മൂന്ന് വർഷം പഴക്കമുള്ള കേസിൽ തിരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം നൽകുന്നതിലൂടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് എല്ലാവർക്കും മനസിലാകും.. എനിക്ക് നന്ദി പറയാനുള്ളത് ഡൽഹി പൊലീസിനോടും മോദിജിയോടുമാണ്. രാജ്യത്തെ ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്"- കനയ്യ പറഞ്ഞു.