1. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് പിടിക്കാനുള്ള തീവ്ര ശ്രമത്തില്‍ ബി.ജെ.പി. മണ്ഡലത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുളള ആലോചനയില്‍ ആണ് സംസ്ഥാന ഘടകം എന്ന് കേരളകൗമുദി ഫ്ളാഷ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് കന്നി വിജയം ഉറപ്പിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ രംഗത്തിറക്കാന്‍ നീക്കം. സുരേന്ദ്രന്‍ രംത്തിറങ്ങിയാല്‍ എന്‍.എസ്.എസിന്റെ പൂര്‍ണ പിന്തുണ ലഭിക്കുമെന്ന കണക്കു കൂട്ടലും ശക്തം
2. തിരുവനന്തപുരത്ത് ശശിതരൂര്‍ തന്നെയാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍ സി.പി. ഐ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഇതുവരെ വ്യക്തമായ ധാരണയായിട്ടില്ല. സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മത്സരിച്ചാല്‍ കടുത്ത മത്സരത്തിന് സാധ്യത. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സംവരണ ബില്ലിന് നന്ദി അറിയിച്ച് എന്‍.എസ്.എസ് നേതൃത്വം പ്രധാന മന്ത്രിക്ക് കത്ത് അയച്ചതും സംസ്ഥാന ബി.ജെ.പി ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
3. സുരേന്ദ്രന് ഒപ്പം മറ്റ് ചില പേരുകള്‍ കൂടി തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികളായി ഉയരുന്നുണ്ടെങ്കിലും ശബരിമല സമരത്തിലൂടെ ജനപ്രീതി വര്‍ദ്ധിച്ച സുരേന്ദ്രനെ കളത്തിലിറക്കാനാണ് ബി.ജെ.പി നേതൃത്വത്തിന് താല്‍പര്യം എന്നാണ് സൂചന. പ്രധാന മന്ത്രി കേരളത്തില്‍ എത്തുന്നതോടെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമാകും എന്നും ഫ്ളാഷ് റിപ്പോര്‍ട്ട് ചെയ്യുന്നു
4. ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ വിശദീകരണവുമായി പൊതു മേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ. ഖനനം ആലപ്പാടിനെ നശിപ്പിക്കുന്നു എന്ന വാദം അടിസ്ഥാന രഹിതം. ഖനനം നടത്തുന്നത് തീരസുരക്ഷ അടക്കം എല്ലാ വശങ്ങളും പഠിച്ച ശേഷം. കടല്‍ ഭിത്തികളും പുലിമുട്ടുകളും നിര്‍മ്മിച്ചിട്ടുണ്ട്. തീരത്തിന്റെ സുരക്ഷ ഐ. ആര്‍.ഇ ഉറപ്പാക്കിയിട്ടുണ്ട്. കായലിലെ ഡ്രഡ്ജിംഗ് ഉള്‍നാടന്‍ ജല ഗതാഗത പാതയ്ക്ക് വേണ്ടി എന്നും ഐ.ആര്‍.ഇ
5. ആലപ്പാട് ജനകീയ സമരം തുടങ്ങിയ ശേഷം ഇതാദ്യമായാണ് വിശദീകരണവുമായി ഖനനം നടത്തുന്ന ഐ.ആര്‍.ഇ രംഗത്ത് എത്തുന്നത്. കമ്പനിയുടെ വിശദീകരണം, ആലപ്പാട്ട് സമരത്തിന് എതിരെ വ്യവസായ മന്ത്രി പ്രതികരിച്ചതിന് പിന്നാലെ. ആലപ്പാട്ട് സമരത്തിന്റെ മറവില്‍ നിരവധി കുടുംബങ്ങളെ പട്ടിണിയില്‍ ആക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നായിരുന്നു വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം. ഖനന മേഖലയില്‍ ജോലി ചെയ്യുന്ന അനേകം പേരുണ്ട്. ഖനനം നിറുത്തിയാല്‍ അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.
6. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെ കുറിച്ച് സര്‍ക്കാരിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. ഖനനം അവസാനിപ്പിക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ അത് നടക്കില്ല. സമരം എന്തിനാണ് എന്ന് അറിയില്ല. മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ ആണ് ഇതിനെ കുറിച്ച് അറിയുന്നത്. ആലപ്പാട്ട് വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ ഇടതു മുന്നണിയില്‍ ഒരു ഭിന്നതയും ഇല്ലെന്നും മന്ത്രി. രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം എന്ന് രമേശ് ചെന്നിത്തല
7. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതവ് കനയ്യകുമാറിന് എതിരെ കുറ്റപത്രം. ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് 2016ലെ ജെ.എന്‍.യു സമരത്തെ തുടര്‍ന്ന് ചെയ്ത രാജ്യദ്രോഹ കേസില്‍. പട്യാല കോടതി കുറ്റപത്രം നാളെ പരിഗണിക്കും. കനയ്യകുമാറിന് പുറമെ വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചര്യ എന്നിവര്‍ അടക്കം പത്ത് പേര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹകുറ്റം, ക്രിമിനല്‍ ഗൂഢാലോചന, കള്ളരേഖ ചമക്കല്‍ ഉള്‍പ്പെടെ ഉള്ള എട്ട് കുറ്റങ്ങള്‍.
8. ജെ.എന്‍.യുവില്‍ അഫ്സല്‍ ഗുരു അനുസ്മരണത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാണ് ഇവര്‍ക്ക് എതിരായ ആരോപണം. വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ചതിന് തെളിവായി മൂന്ന് ചാനലുകള്‍ വീഡിയോ പുറത്ത് വിട്ടിരുന്നു. ജെ.എന്‍.യുവിലെ എ.ബി.വി.പി പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആദ്യം പുറത്ത് വിട്ടത്. തുടര്‍ അന്വേഷണത്തില്‍ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. പൊലീസ് കരട് കുറ്റപത്രം സമര്‍പ്പിച്ചത് ഇതിന് പിന്നാലെ
9. രാജ്യത്തെ മുഴുവന്‍ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാനുള്ള ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ല. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. രാജ്യത്തെ മുഴുവന്‍ കമ്പ്യൂട്ടറുകളെയും അന്വേഷണ ഏജന്‍സികള്‍ക്ക് നിരീക്ഷിക്കാം എന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ ആണ് കോടതി ഉത്തരവ്
10. കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്, പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം ആണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. ഏത് സാഹചര്യത്തില്‍ ആണ് നിരീക്ഷണം നടത്തുന്നത് എന്ന് ഉത്തരവില്‍ വ്യക്തമല്ല. ഭരണ ഘടന ഉറപ്പാക്കുന്ന അവകാശങ്ങളുടെ ലംഘനം ആയതിനാല്‍ ഉത്തരവ് റദ്ദാക്കണം എന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു
11. കോമണല്‍ വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിറ്ററല്‍ ട്രൈബ്യൂണലിലേക്കുള്ള നിയമനം ജസ്റ്റിസ് എ.കെ സിക്രി ഏറ്റെടുക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമ മന്ത്രാലയത്തിന് ജസ്റ്റിസ് കത്ത് നല്‍കി. നിയമനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ആണ് ഇത് സംബന്ധിച്ച കത്ത് കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്. മാര്‍ച്ച് ആറിന് വിരമിച്ച ശേഷം സിക്രിയെ ട്രൈബ്യൂണലില്‍ നിയമിക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ നീക്കം
12. നിയമന തീരുമാനം പുറത്തായതോടെ വലിയ വിവാദമാണ് ഉയര്‍ന്നത്. പ്രത്യേകിച്ചും അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സിക്രി അംഗമായിരുന്ന സാഹചര്യത്തില്‍. അലോക് വര്‍മ്മയെ നീക്കം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തോട് സിക്രിയും അനുകൂലിച്ചതോടെ ആണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയുടെ വിയോജിപ്പിനെ മറി കടന്ന് തീരുമാനമെടുത്തത്.
13. സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ സെലക്ഷന്‍ സമതിയില്‍ അംഗമാകുന്നതിന് മുന്‍പ് ഇക്കാര്യം ജസ്റ്റിസ് സിക്രി വെളിപ്പെടുത്തണം എന്നായിരുന്നു എന്ന് മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്സിംഗ്. ഈ വര്‍ഷം മാര്‍ച്ച് ആറിനാണ് സുപ്രിം കോടതിയിലെ രണ്ടാമനായ ജസ്റ്റിസ് സിക്രി വിരമിക്കേണ്ടത്. ഇതിന് ശേഷം കോമണ്‍ വെല്‍ത്ത് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന സ്ഥാപനമായ സി.എസ്.എ.ടിയില്‍ നിയമിക്കാം എന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.