makaravilakku-
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞപ്പോൾ സന്നിധാനത്ത് ഭക്തിയോടെ ശരണം വിളിക്കുന്ന ഭക്തർ ഫോട്ടോ: സന്തോഷ് നിലയ്ക്കൽ


ശബരിമല: ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. സന്നിധാനത്തും പമ്പയിലുമായി ലക്ഷക്കണക്കിന് അയ്യപ്പൻമാരാണ് മകരജ്യോതി ദർശനത്തിനായി കാത്തിരുന്നത്. ശ്രീകോവിലിൽ അയ്യപ്പന് ദീപാരാധന നടക്കുമ്പോൾ കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു തുടർന്ന് രണ്ടുതവണ കൂടി ജ്യോതി തെളിഞ്ഞു. ഇതേസമയം ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിഞ്ഞു. ലക്ഷക്കണക്കിന് ഭക്തരുടെ കണ്‌ഠത്തിൽ നിന്ന് ശരണമന്ത്രങ്ങൾ മുഴങ്ങി.

വൈകിട്ട് ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി. മരക്കൂട്ടത്ത് വൈകിട്ട് അഞ്ചരയോടെ എത്തിയ തിരുവാഭരണഘോഷയാത്രയെ എക്സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോർഡ് പ്രസിഡന്റും ഉൾപ്പടെയുള്ളവർ സ്വീകരിച്ചു. തുടർന്ന് തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വാസുദേവൻ നമ്പൂതിരിയും ചേർന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി.

മകരജ്യോതി ദർശനത്തിന് എട്ട് സ്ഥലങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മകരജ്യോതി ദർശനം കഴിഞ്ഞ് രാത്രിയോടെ ഭക്തർ മലയിറങ്ങും. ഭക്തജനത്തിരക്കുമൂലം നിലയ്ക്കൽ ബേസ് ക്യാമ്പ് നിറഞ്ഞുകവിഞ്ഞ നിലയിലാണ്. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തർ എത്തിയത്.

മകരസംക്രമസമയമായ തിങ്കളാഴ്ച രാത്രി 7.52-നാണ് സംക്രമപൂജയും അഭിഷേകവും.