ടെഹ്റാൻ: പത്തുവർഷത്തിലധികം പഴക്കമുള്ള ഇറാനിയൻ ബോയിംഗ് 707 സൈനിക വിമാനം തകർന്നുവീണ് 15 പേർ മരിച്ചു. ഫ്ലൈറ്റ് എൻജിനിയർ മാത്രമ രക്ഷപ്പെട്ടു. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നിന്ന് മാംസവുമായി ഇറാനിലേക്ക് തിരിച്ച വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനം നിറുത്തുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി സമീപത്തുള്ള കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. ടെഹ്റാനിൽ നിന്ന് 40 കിലോമീറ്റർ അകലെ കരാജിലെ ഫാത്ത് വിമാനത്താവളത്തിൽ ടെഹ്റാൻ പ്രാദേശിക സമയം രാവിലെ 8.30നാണ് ദുരന്തമുണ്ടായത്. പയാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഫാത്തിൽ ഇറങ്ങിയതെന്നാണ് സൂചന. വിമാനം ആരുടെ ഉടമസ്ഥതയിലാണെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. കിർഗിസ്സ്ഥാന്റെ ഉടമസ്ഥതയിലാണെന്ന് ഇറാൻ സിവിൽ ഏവിയേഷൻ വിഭാഗം വക്താവ് പറയുന്നു. എന്നാൽ പ്രവർത്തിപ്പിക്കുന്നത് ഇറാന്റെ പയാം എയർ ആണെന്ന് ഇറാൻ മാനസ് വിമാനത്താവള അധികൃതർ പ്രതികരിച്ചു.