കൊല്ലം: നാലര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപാസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. ദേശീയപാത 66 ൽ മേവറം മുതൽ കാവനാട് വരെ 13.14 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം - എറണാകുളം യാത്രക്കാർക്ക് വൻ ആശ്വാസമാകുന്നതിന് പുറമെ കൊല്ലത്തിന്റെ ഭാവിവികസനത്തിനും നാന്ദികുറിക്കും.
വൈകിട്ട് 4.50ന് ആശ്രാമം മൈതാനത്ത് തയ്യാറാക്കിയ വേദിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മന്ത്രിമാരായ ജി. സുധാകരൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, കെ. രാജു, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, കെ. വിജയൻപിള്ള, മേയർ വി. രാജേന്ദ്രബാബു എന്നിവർ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങ് കാവനാട് ആൽത്തറമൂട്ടിൽ പ്രത്യേകം തയ്യാറാക്കുന്ന എൽ.ഇ.ഡി സ്ക്രീനിലൂടെ തത്സമയം കാണാം. നാട്ടുകാർക്ക് ഇവിടെ ചടങ്ങ് ദർശിക്കാൻ ഇരിപ്പിടങ്ങളും സജ്ജമാക്കും.