kumara

ബംഗളൂരു: ലോക്‌സഭാ തിരിഞ്ഞെടുപ്പിനു തൊട്ടു മുൻപ്,​ ക‌ർണാടകത്തിലെ കോൺഗ്രസ്- ജെ.ഡി.എസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കമെന്ന ആരോപണത്തിനു പിന്നാലെ,​ കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നത് മറുപക്ഷമെന്ന് ആരോപിച്ച് ബി.ജെ.പിയും കരുനീക്കം തുടങ്ങിയതോടെ കന്നടമണ്ണിൽ രാഷ്ട്രീയതന്ത്രങ്ങൾ ശക്തമായി.

കോൺഗ്രസും ജെ.ഡി.എസും ചേർന്നു നടത്തുന്ന കുതിരക്കച്ചവടം തടയാൻ തങ്ങളുടെ 104 എം.എൽ.എമാരെയും ഡൽഹിയിൽ സുരക്ഷിത കേന്ദ്രത്തിൽ ഒളിപ്പിച്ചാണ് ബി.ജെ.പിയുടെ മുൻകരുതൽ. ബി.ജെ.പി എം.എൽ.എമാരെല്ലാം ഒറ്റക്കെട്ടാണെന്നും,​ രണ്ടു ദിവസം കൂടി കഴിഞ്ഞേ ഇവരെ ബംഗളൂരുവിൽ എത്തിക്കുകയുള്ളൂ എന്നും ഇന്നലെ വൈകിട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ഡൽഹിയിൽ പറഞ്ഞു.

ഡൽഹിയിൽ രണ്ടു ദിവസത്തെ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ പാർട്ടി എം.എൽ.എമാരെ ബംഗളൂരുവിലേക്ക് മടങ്ങാൻ അനുവദിക്കാതെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെയും യെദിയൂരപ്പയുടെയും തന്ത്രപരമായ ചുവട്.

ഭരണസഖ്യത്തിലെ പോര് മുതലെടുത്ത് കർണാടക സർക്കാരിനെ വീഴ്‌ത്താനുള്ള ബി.ജെ.പിയുടെ ഓപ്പറേഷൻ താമരയ്ക്കു മുന്നിൽ സ്വന്തം എം.എൽ.എമാരെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് കോൺഗ്രസും ജെ.ഡി.എസും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഭരണപക്ഷത്തു നിന്ന് കഴിയുന്നത്ര എം.എൽ.എമാരെ അടർത്തിയെടുത്ത്,​അവിശ്വാസം കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമം.


കോൺഗ്രസ് എം.എൽ.എമാരെ വലയിലാക്കാൻ ബി.ജെ.പി ഒരു നീക്കവും നടത്തുന്നില്ല. ഡൽഹിയിൽ യോഗം വിളിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ്.

ബി.എസ്. യെദിയൂരപ്പ

സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ

കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിലെ 120 എം.എൽ.എമാരിൽ ഒരാൾ പോലും കൂറുമാറില്ല. ഭരണപക്ഷത്തു നിന്ന് എം.എൽഎമാരെ വിലയ്ക്കു വാങ്ങി കുതിരക്കച്ചവടം നടത്താനാണ് ബി.ജെ.പിയുടെ ശ്രമം.

- സിദ്ധരാമയ്യ

കോൺ-ദൾ ഏകോപന സമിതി അദ്ധ്യക്ഷൻ

സർക്കാർ സുരക്ഷിതമാണ്. മൂന്ന് കോൺഗ്രസ് എം.എൽ.എമാർ മുംബയിലേക്കു പോയത് എന്റെ അറിവോടെയാണ്. അവരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചുവെന്നത് വ്യാജ പ്രചരണമാണ്

- എച്ച്.ഡി. കുമാരസ്വാമി

മുഖ്യമന്ത്രി