vila

കൊച്ചി: റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ഡിസംബറിൽ 18 മാസത്തെ താഴ്‌ചയായ 2.19 ശതമാനത്തിലെത്തി. നവംബറിൽ ഇത് 2.33 ശതമാനമായിരുന്നു. റീട്ടെയിൽ നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം. ഏതാനും മാസങ്ങളായി ഇത് മൂന്ന് ശതമാനത്തിന് താഴെയാണെന്നിരിക്കേ, അടുത്ത ധനനയ നിർണയ യോഗത്തിൽ മുഖ്യ പലിശനിരക്കുകൾ കുറയ്‌ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതരാകും.

2017 ജൂണിൽ 1.46 ശതമാനം വരെ താഴ്‌ന്നശേഷം റീട്ടെയിൽ നാണയപ്പെരുപ്പം കുറിക്കുന്ന ഏറ്രവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞമാസത്തേത്. നടപ്പുവർഷം ഒക്‌ടോബർ-മാർച്ചിൽ നാണയപ്പെരുപ്പം 2.7 മുതൽ 3.2 ശതമാനം വരെ ആയിരിക്കുമെന്ന് കഴിഞ്ഞ ധനനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് സൂചിപ്പിച്ചിരുന്നു. കഴിഞ്ഞമാസം മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം എട്ട് മാസത്തെ താഴ്‌ചയായ 3.80 ശതമാനത്തിൽ എത്തിയെന്നതും പലിശ കുറയ്‌ക്കാൻ റിസർവ് ബാങ്കിനുമേൽ സമ്മർദ്ദമുയർത്തും. നവംബറിൽ മൊത്തവില നാണയപ്പെരുപ്പം 4.64 ശതമാനമായിരുന്നു.

മുറവിളി തുടങ്ങി

സമ്പദ്‌വളർച്ച മെച്ചപ്പെടണമെങ്കിൽ പലിശനിരക്കിന്മേലുള്ള കടുംപിടിത്തം റിസർവ് ബാങ്ക് ഒഴിവാക്കണമെന്ന ആവശ്യം ബിസിനസ് ലോകം ശക്തമാക്കിയിട്ടുണ്ട്. നവംബറിലെ വ്യാവസായിക ഉത്‌പാദനക്കണക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 3.6 ശതമാനം പ്രതീക്ഷിച്ചിടത്ത് 0.5 ശതമാനം മാത്രമാണ് വളർച്ച. നടപ്പുവർഷം ഇന്ത്യ 7.4 ശതമാനം സമ്പദ്‌വളർച്ച നേടുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ഇത്, ഏഴ് ശതമാനമായി കുറയ്‌ക്കണമെന്നും പലിശനിരക്ക് താഴ്‌ത്തണമെന്നുമാണ് പ്രധാന ആവശ്യം.

2.19%

ഡിസംബറിൽ റീട്ടെയിൽ നാണയപ്പെരുപ്പം 2.19 ശതമാനം