തിരുവനന്തപുരം: വരുന്ന പാർലമന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് സുരേഷ്ഗോപി. തന്റെ സ്ഥാനാർത്ഥിത്തെക്കുറിച്ച് അടിസ്ഥാന രഹിതമായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് സുരേഷ്ഗോപി എം.പി പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വമാണ്. ഇതു സബംന്ധിച്ച് യാതൊരു നിർദ്ദേശവും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുരേഷ്ഗോപിയുടെ പ്രതികരണം.
നരേന്ദ്രമോദിയാണു തന്റെ നേതാവ്. നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരാണ് സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് തീരുമാനമെടുക്കണ്ടവർ. മത്സരിക്കണമെന്ന് അവർ ആവശ്യപ്പെട്ടാൽ അതനുസരിച്ചു തീരുമാനമെടുക്കും. ഇതുവരെ ഒരു നിർദേശവും തനിക്കു കിട്ടിയിട്ടില്ല- സുരേഷ്ഗോപി പറഞ്ഞു.
രാജ്യസഭാ എം.പിയായി 2022 വരെ കാലാവധിയുണ്ട്. അതുവരെയുള്ള വികസനപദ്ധതികളുടെ ശുപാർശ തയ്യാറാക്കി കേന്ദ്രത്തിനു സമർപ്പിച്ചു കഴിഞ്ഞു. ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ വികസന പദ്ധതികൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും സുരേഷ് ഗോപി എം.പി. പറഞ്ഞു.