velayudhan

 50 സെന്റ് ദാനം ചെയ്ത് ദമ്പതികൾ

ചാരുംമൂട്: ദുബായിൽ നാലു പതിറ്റാണ്ടു ജോലി ചെയ്ത് നാട്ടിൽ സമ്പാദിച്ച ഭൂമിയിൽ നിന്ന് 50 സെന്റ് പാവപ്പെട്ടവർക്കു ദാനം ചെയ്ത് മാതൃകയാവുകയാണ്, ജീവിത സായാഹ്നത്തിലെത്തിയ ഈ ദമ്പതികൾ. ഇലിപ്പക്കുളം വൈശാഖത്തിൽ വേലായുധൻ നായരും (68) ഭാര്യ ഓമനയുമാണ് (65) കൃഷിപ്പണിക്കാരായ പത്തു പേർക്ക് സ്വന്തമായി ഒരുതുണ്ടു ഭൂമിയെന്ന സ്വപ്നം സഫലമാക്കുന്നത്.

ദുബായിൽ സ്വകാര്യ കമ്പനി ജീവനക്കാരായിരുന്നു ഇരുവരും. ഉദ്യോഗത്തിൽ നിന്നു വിരമിച്ച് നാട്ടിലെത്തിയിട്ട് കുറേ വർഷമായി. തങ്ങളുടെ പേരിലുള്ള ഭൂമിയിൽ ഒരു വിഹിതം അ‌ർഹരായ പത്തു പേർക്ക് ദാനം ചെയ്യണമെന്ന് തീരുമാനിച്ചപ്പോൾ മക്കളായ സജീവ് വി.നായരോടും മനോജ് വി.നായരോടും അഭിപ്രായം ചോദിച്ചു. അവർക്ക് പൂർണ സമ്മതം.

പാലമേൽ ഉളവുക്കാട് പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പ്രധാന റോഡിനോടു ചേർന്ന 50 സെന്റാണ് പത്ത് പേർക്കായി നൽകുന്നത്. വെണ്മണി കാവനാട് പ്രസാദക്കുറുപ്പ് (49), താമരക്കുളം ചത്തിയറ സുജാ ഭവനത്തിൽ രാജേന്ദ്രൻ പിള്ള (50 ), വള്ളികുന്നം കാരാഴ്മ പുത്തൻവീട്ടിൽ മോഹനൻ നായർ (63), പാലമേൽ ഉളവുക്കാട് ജ്യോതി ഭവനത്തിൽ പ്രസന്നകുമാരി (57), ഉളവുക്കാട് അശ്വതിയിൽ സോമനാഥക്കുറുപ്പ് (53) എന്നിവർക്കുള്ള വസ്തുവിന്റെ രജിസ്ട്രേഷൻ നൂറനാട് സബ്ബ് രജിസ്ട്രാർ ഓഫീസിൽ നടത്തി. ബാക്കി അഞ്ചു പേർക്ക് ഭൂമി കൈമാറാനുള്ള എഴുത്തുകുത്തുകൾ നടക്കുന്നു.