ECONOMIC RESERVATION, GUJARAT, VIJAY RUPANI
അഹമ്മദാബാദ്: സർക്കാർ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും ഏർപ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം ഗുജറാത്തിൽ ഇന്നലെ നിലവിൽ വന്നു. സാമ്പത്തിക സംവരണം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി കഴിഞ്ഞ ആഴ്ചയാണ് പാർലമെന്റ് അംഗീകരിച്ചത്.
ശനിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതിൽ ഒപ്പുവച്ചിരുന്നു. ഇന്നലെ മുതൽ ഗുജറാത്തിൽ സാമ്പത്തിക സംവരണം പ്രാബല്യത്തിൽ വന്നതായി മുഖ്യമന്ത്രി വിജയ് റുപാനി അറിയിച്ചു. രാജ്യത്ത് ആദ്യമായി സാമ്പത്തിക സംവരണം നടപ്പാക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ റിക്രൂട്ട്മെന്റുകൾക്കും ഇത് ബാധകമായിരിക്കുമെന്നും റുപാനി അറിയിച്ചു. ജനുവരി 14 ന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതും നടപടിക്രമങ്ങൾ ആരംഭിക്കാത്തതുമായ വിദ്യാഭ്യാസ പ്രവേശനങ്ങളിലും ജോലികളിലും സംവരണം നടപ്പാക്കും. എന്നാൽ നേരത്തേ അഭിമുഖമോ പരീക്ഷയോ നടന്നവയ്ക്ക് ഇത് ബാധകമല്ല. ജനുവരി 20ന് പ്രഖ്യാപിച്ച എല്ലാ പി.എസ്.സി പരീക്ഷകളും റദ്ദാക്കി പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്ന് ഗുജറാത്ത് പി.എസ്.സി ചെയർമാൻ ദിനേഷ് ദാസ അറിയിച്ചു. പുതിയ സംവരണ ഗുണഭോക്താക്കൾക്ക് രേഖകൾ ലഭിച്ചതിനുശേഷമാകും പരീക്ഷകൾ സംഘടിപ്പിക്കുക എന്ന് ദിനേഷ് ദാസ അറിയിച്ചു.