pm-narendra

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളിൽ നിന്നുള്ള പ്രതികരണമറിയുവാൻ പുതിയ സർവയുമായി നരേന്ദ്രമോദി. നമോ ആപ്പിന്റെ പ്രത്യക സർവേയിലൂടെയാണ് പ്രധാനമന്ത്രി ജനങ്ങളുടെ പ്രതികരണങ്ങൾ അടുത്തറിയാൻ ശ്രമിക്കുന്നത്. സർക്കാറിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ ഈ ആപ്പിൽ നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് രാജ്യത്തെ രാഷ്ട്രീയ സഖ്യങ്ങളെക്കുറിച്ചും ബി.ജെ.പിയുടെ പ്രാദേശിക ഘടകത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങളും നമോ ആപ്പിലെ സർവെയിൽ ഉ‍ൾപ്പെടുത്തിയിട്ടുണ്ട്. നമോ ആപ്പിന്റെ ചോദ്യങ്ങളിൽ എല്ലാവരും പങ്കുചേരണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി രംഗത്തെത്തി. ഫേസ്ബുക്ക്,​ ട്വിറ്റർ വീഡിയോയിലൂടെയാണ് നരേന്ദ്രമോദി ജനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. നിങ്ങളുടെ പ്രതികരണം പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ എന്നെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ‌ർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് നിങ്ങൾ എത്ര റേറ്റ് നൽകുന്നു എന്ന ചോദ്യത്തോടെയാണ് സർവെ ആരംഭിക്കുന്നത്. മാത്രമല്ല തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുതിന് മുമ്പ് എന്തൊക്കെ പ്രശ്നങ്ങളാണ് നിങ്ങൾ പരിഗണിക്കുക എന്ന ചോദ്യവുമുണ്ട്. ജനങ്ങൾക്ക് ഇഷ്ടപ്പെട്ട മൂന്ന് പ്രാദേശിക ബി.ജെ.പി നേതാക്കളുടെ പേര് രേഖപ്പെടുത്താനും സർവെ ആവശ്യപ്പെടുന്നു. ബി.ജെ.പിക്ക് വേണ്ടി എന്തെങ്കിലും സംഭാവന ചെയ്തോ എന്ന കാര്യവും സർവെയിൽ ചോദിക്കുന്നു.

സ്ഥാനാർത്ഥി നിർണയത്തിന് ഈ സർവെ ഉപകരിക്കുമെന്ന് ബി.ജെ.പി നേതാക്കൾ കണക്കുകൂട്ടുന്നു. നമോ ആപ്പ് തിരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കാനും ബി.ജെ.പി ഉപയോഗിക്കും.സർവെയിൽ ഏറ്റവും കുറഞ്ഞ മാർക്ക് ലഭിക്കുന്ന ലോക്‌സഭ അംഗങ്ങളെ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും സാധ്യതയില്ലെന്നും വ്യക്തമാക്കുന്നു.