bank

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളിലെ കേന്ദ്രസർക്കാർ ഓഹരി പങ്കാളിത്തം 52 ശതമാനമായി കുറയ്‌ക്കണമെന്ന് ധനമന്ത്രാലയത്തിന്റെ നിർദേശം. സർക്കാരിന്റെ ബാദ്ധ്യത കുറയ്‌ക്കുകയും ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുകയുമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. മൊത്തം ഓഹരികളിൽ 25 ശതമാനം പൊതു ഓഹരി പങ്കാളിത്തം വേണമെന്ന സെബിയുടെ നിർദേശം നടപ്പാക്കാൻ ധനമന്ത്രാലയത്തിന്റെ നീക്കം ബാങ്കുകളെ സഹായിക്കും.

നിലവിൽ മിക്ക പൊതുമേഖലാ ബാങ്കുകളുടെയും മേജർ ഓഹരി പങ്കാളി കേന്ദ്രസർക്കാരാണ്. ചില ബാങ്കുകളിൽ സർക്കാരിന് 75 ശതമാനത്തിനുമേൽ പങ്കാളിത്തമുണ്ട്. സർക്കാരിന്റെ പങ്കാളിത്തം കുറയുന്നതും പൊതു ഓഹരി പങ്കാളിത്തമുണ്ടാകുന്നതും പ്രവർത്തന നയം മെച്ചപ്പെടുത്താനും ബാങ്കുകൾക്ക് സഹായകമാകും. യോഗ്യരായ നിക്ഷേപകർക്ക് ഓഹരി വില്‌ക്കുന്നതിലൂടെ (ക്യൂ.ഐ.പി) 20,000 കോടി രൂപ സമാഹരിക്കാൻ എസ്.ബി.ഐ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ, എസ്‌.ബി.ഐയിൽ സർക്കാരിന്റെ ഓഹരിവിഹിതം 58.53 ശതമാനമാണ്.

സിൻഡിക്കേറ്ര് ബാങ്ക്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ് എന്നിവ എംപ്ളോയീ ഷെയർ പർച്ചേസ് സ്‌കീം (ഇ.എസ്.പി.എസ്) പ്രകാരം ജീവനക്കാർക്ക് ഓഹരി വില്‌ക്കുന്നതിലൂടെയും സർക്കാരിന്റെ പങ്കാളിത്തം കുറയ്‌ക്കാൻ നടപടിയെടുത്തിട്ടുണ്ട്. ഇതിനുപുറമേ, ഗ്രാമീണ ബാങ്കുകളെ (ആർ.ആർ.ബി) ലയിപ്പിക്കാനും ധനമന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ സേവന സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു.

പഞ്ചാബ് ഗ്രാമീൺ ബാങ്ക്, മാൾവ ഗ്രാമീൺ ബാങ്ക്, സത്‌ലെജ് ഗ്രാമീൺ ബാങ്ക് എന്നിവയുടെ ലയനം ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്നിരുന്നു. ഗ്രാമീണ ബാങ്കുകളിൽ 50 ശതമാനമാണ് കേന്ദ്ര സർക്കാരിന്റെ ഓഹരി പങ്കാളിത്തം. ഓഹരികളിൽ 15 ശതമാനം സംസ്ഥാന സർക്കാരും 35 ശതമാനം സ്‌പോൺസർ ബാങ്കുമാണ് കൈകാര്യം ചെയ്യുന്നത്.